ട്രംപിന്‍റെ സ്വന്തം ഡോജിന്‍റെ പ്രവർത്തന വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ; കേസ് പരിഗണിക്കാൻ കോടതി അനുമതി

വാഷിംഗ്ടൺ: വിവാദമായ സർക്കാർ കാര്യക്ഷമതാ വകുപ്പിന്‍റെ പ്രവർത്തനങ്ങളും വിവരങ്ങളും പൊതുരേഖാ നിയമത്തിന് കീഴിൽ വരുമോ എന്ന തർക്കത്തിൽ സുപ്രീം കോടതി ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ‘യുഎസ് ഡോജ് സർവീസ് വേഴ്സസ് യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ ദി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ’ എന്ന കേസിൽ 2027ന്റെ തുടക്കത്തിൽ വാദം കേൾക്കുമെന്നും അതേവർഷം വേനൽക്കാലത്തോടെ വിധി വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനും സർക്കാർ കരാറുകൾ റദ്ദാക്കുന്നതിനും നേതൃത്വം നൽകിയ ഡോജ് സ്ഥാപനത്തിന്റെ സംഘടനാ ഘടന, സാമ്പത്തിക വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ട് ‘സിറ്റിസൺസ് ഫോർ റെസ്പോൺസിബിലിറ്റി ആൻഡ് എത്തിക്സ് ഇൻ വാഷിംഗ്ടൺ’ എന്ന സർക്കാർ വാച്ച്ഡോഗ് ഗ്രൂപ്പ് 2025-ന്റെ തുടക്കത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഡോജ് എന്നത് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസിന് കീഴിലുള്ള കേവലം ഉപദേശക സമിതി മാത്രമാണെന്നും അതിനാൽ ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും വാദിച്ച് ട്രംപ് ഭരണകൂടം ഈ അപേക്ഷ നിരസിക്കുകയാണുണ്ടായത്.

തുടർന്ന് വാച്ച്ഡോഗ് ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും, ഡോജിന്‍റെ ഘടനയെക്കുറിച്ചും അധികാരപരിധിയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡോജിന്‍റെ പ്രവർത്തന വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട കീഴ്ക്കോടതി ഉത്തരവ് 6-3 ഭൂരിപക്ഷത്തോടെ സുപ്രീം കോടതി തടഞ്ഞു. എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ ഔദ്യോഗിക ശുപാർശകളും അവ നടപ്പിലാക്കിയോ എന്ന വിവരങ്ങളും പരസ്യപ്പെടുത്താൻ സർക്കാരിനെ നിർബന്ധിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഈ നടപടി.

More Stories from this section

family-dental
witywide