
ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ബിഹാർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളാണ് കോടതി ഇന്ന് പരിശോധിക്കുന്നത്. അതേസമയം, കേരളത്തിലെ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരി 15-ലേക്കാണ് സുപ്രീം കോടതി മാറ്റിയിരിക്കുന്നത്.
യുപിയിലെയും ഉത്തർപ്രദേശിലെയും വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടികകൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും. കേരളത്തിലെ എസ്.ഐ.ആർ (SIR) കരട് പട്ടിക ഇതിനോടകം voters.eci.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് സത്യവാങ്മൂലത്തോടൊപ്പം അപേക്ഷ സമർപ്പിക്കാൻ ജനുവരി 22 വരെ സമയമുണ്ട്. 2,54,42,352 വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടർ പട്ടികയിൽ നിന്ന് 24, 08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.
അതേസമയം, വോട്ടർമാരുടെ എണ്ണം കുറയുന്നതിലും പട്ടികയിൽ നിന്നുള്ള കൂട്ടമായ ഒഴിവാക്കലുകളിലും വിവിധ രാഷ്ട്രീയ പാർട്ടികൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
Supreme Court to hear petitions related to SIR today












