ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസ് ഓഫീസറായ ജഗദീഷ് പ്രസാദിനാണ് ജീവന്‍ നഷ്ടമായത്. സൂരജ്കുണ്ഡ് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്‌സ് മേളക്കിടെയാണ് അപകടം. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അപകടം നടന്നതറിഞ്ഞ് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയതായിരുന്നു പോലീസ് ഇൻസ്പെക്‌ടറായ ജഗദീഷ് പ്രസാദ്. രക്ഷാപ്രവർത്തനത്തിനിടെ ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റെന്നും തുടർന്ന് മരണം സംഭവിച്ചെന്നുമാണ് വിവരം.
സംഭവ സ്ഥലത്ത് ഉടനെ ഡെപ്യൂട്ടി കമ്മീഷണര്‍, ടൂറിസം മാനേജിംഗ് ഡയറക്ടര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, എന്നിവരെത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നയാബ് സിങ് സൈനി ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്റെ മരണത്തില്‍ അദ്ദേഹം അനുശോചിച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് ഹരിയാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകിട്ട് 6.15ഓടെയാണ് സംഭവമുണ്ടായതെന്നും പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടന്നും ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയുഷ് സിന്‍ഹ പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടത്. ഊഞ്ഞാലിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ മുഖത്തും തലയിലുമായി ഇടിക്കുകയായിരുന്നു. പരുക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. യത്ര ഊഞ്ഞാല്‍ ഓപ്പറേറ്റര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ ശക്തമായ കാറ്റിനെത്തുടർന്ന് മേളയിലെ ഒരു ഭക്ഷണശാലയും നിലംപ്പൊത്തിയിരുന്നു.
Swing collapses at Surajkund fair in Faridabad, One person died. 13 injured












