
ബേൺ: അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലായ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും സ്വിറ്റ്‌സർലൻഡിലുള്ള മുഴുവൻ ആസ്തികളും സ്വിസ് സർക്കാർ മരവിപ്പിച്ചു. തിങ്കളാഴ്ച മുതലാണ് ഈ ഉത്തരവ് നിലവിൽ വന്നത്. മഡുറോയെ തടവിലാക്കിയ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സമ്പത്ത് നിയമവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകുന്നത് തടയാനാണ് ഈ അടിയന്തര നടപടിയെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്ത നാല് വർഷത്തേക്കാണ് ആസ്തികൾ മരവിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ നടക്കുന്ന വിചാരണകളിൽ ഈ പണം വെനിസ്വേലയിലെ ജനങ്ങളിൽ നിന്ന് തട്ടിയെടുത്തതാണെന്ന് തെളിഞ്ഞാൽ, അത് വെനിസ്വേലൻ ജനതയ്ക്ക് തന്നെ തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്വിറ്റ്‌സർലൻഡ് അറിയിച്ചു. സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 10 ബില്യൺ ഡോളർ (ഏകദേശം 83,000 കോടി രൂപ) മഡുറോയുമായി ബന്ധപ്പെട്ടവർ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മഡുറോയുടെയും സഹായികളുടെയും വ്യക്തിപരമായ ആസ്തികൾക്ക് മാത്രമാണ് ഈ വിലക്ക്. നിലവിൽ വെനിസ്വേല ഭരിക്കുന്ന താൽക്കാലിക സർക്കാരിന്റെ പ്രവർത്തനത്തെയോ ഔദ്യോഗിക ഫണ്ടുകളെയോ ഇത് ബാധിക്കില്ല.
2018 മുതൽ വെനിസ്വേലയ്ക്ക് മേൽ സ്വിറ്റ്‌സർലൻഡ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തിന് പുറമെയാണിത്.
വെനിസ്വേലയിലെ സാഹചര്യം അതീവ സങ്കീർണ്ണമാണെന്ന് വിലയിരുത്തിയ സ്വിറ്റ്‌സർലൻഡ്, എല്ലാ പക്ഷത്തോടും സമാധാനം പാലിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ ബഹുമാനിക്കാനും ആവശ്യപ്പെട്ടു. നിലവിൽ ന്യൂയോർക്കിലെ കോടതിയിൽ മയക്കുമരുന്ന് കടത്ത് കേസിൽ വിചാരണ നേരിടുന്ന മഡുറോയ്ക്ക് സ്വിസ് സർക്കാരിന്റെ ഈ നീക്കം വലിയ സാമ്പത്തിക തിരിച്ചടിയാകും.















