
ഷിക്കാഗോ: 2001 ല്‍ സ്ഥാപിതമായ സിറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഒന്‍പതു മുതല്‍ 13 വരെ നടക്കുന്ന കണ്‍ വെന്‍ഷനില്‍ രൂപതാ തലത്തില്‍ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ സംഘടിക്കപ്പെടുന്നു.
ജൂലൈ 10, വെള്ളിയാഴ്ച്ച സായാഹ്നത്തില്‍ രൂപതയിലെ എല്ലാ ഇടവകകളെയും സംഘടിപ്പിച്ച് വുമണ്‍സ് ഫോറം മെഗാ മാര്‍ഗംകളി നടത്തുന്നു. വിശ്വാസികള്‍ ഒന്നു ചേര്‍ന്ന് അവരുടെ വിശ്വാസവും കൂട്ടായ്മയും കലാഭിരുചികളും കോര്‍ത്തിണക്കി വേദിയിലെത്തുന്നു എന്നതു തന്നെ ഈ സായാഹ്നത്തെ ഏറെ മനോഹരമാക്കുമെന്നതില്‍ സംശയമില്ല. മാര്‍ഗം കളി കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ തനിമയാര്‍ന്ന ഒരു കലാരൂപമാണ്. തോമാശ്ലീഹായുടെ കേരളത്തിലേക്കുള്ള ആഗമനത്തെയും തുടര്‍ന്നുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ വ്യാപനത്തെയും ആസ്പദമാക്കിയുള്ള പാട്ടുകളും ചുവടുകളുമാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. സ്ത്രീകള്‍ അവതരിപ്പിക്കുമ്പോള്‍, ഇത് കൂടുതല്‍ ഭക്തിനിര്‍ഭരവും മനോഹരവുമാകുന്നു.
യഹൂദ ക്രൈസ്തവ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ ആസ്പദമാക്കിയുള്ള പാട്ടുകളും ചുവടുകളുമാണ് മാര്‍ഗംകളിയെ സവിശേഷമാക്കുന്നത്. ഷിക്കാഗോയിലെ മെഗാ കണ്‍വെന്‍ഷനില്‍, വിവിധ ഇടവകകളില്‍ നിന്നുള്ള സ്ത്രീകള്‍ ചേര്‍ന്നുള്ള ഈ അവതരണം, സമുദായത്തിന്റെ ഐക്യത്തെയും പാരമ്പര്യത്തെയും ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരിക്കും
പാരിഷ് ഫെസ്റ്റ്, മെഗാ ഡാന്‍സ് പ്രോഗ്രാം പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ജൂഡി റോസ് ജെയിംസ് (317) 4905839 പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് റോസ് വടകര (708) 6620774, ഷീബ ഷാബു (630) 730622.
ഈ കലാസന്ധ്യയില്‍ ഒരുക്കിയിരിക്കുന്ന പരിപാടികളിലേക്ക് പങ്കെടുക്കാനും സഹകരിക്കുന്നതിനുമായി താല്പര്യപ്പെടുന്നവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
ജൂബിലി ആഘോഷങ്ങളോടൊപ്പംതന്നെ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി ആഘോഷവും നടക്കും. വിശ്വാസ സക്കൂട്ടായ്മയുടെ പ്രതീകമായ ഈ കണ്‍വെന്‍ഷന്‍, ഷിക്കാഗോ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മക്കോര്‍മിക്ക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലും അതിനോട് ചേര്‍ന്ന മൂന്നു ഹോട്ടലുകളിലുമായാണ് നടക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷങ്ങളായി അമേരിക്കയില്‍ സീറോ മലബാര്‍ സഭ കൈവരിച്ച ആത്മീയ വളര്‍ച്ചയും ദൈവ കൃപയും ഓര്‍ക്കുന്നതിനോടൊപ്പം ഭാവിയെ വിശ്വാസ ത്തോടും പ്രതീക്ഷയോടെയും നോക്കിക്കാണുന്നതിനുള്ള വേദിയാവുകയാണ് ഈ മഹാകണ്‍വെന്‍ഷന്‍. ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയ്ക്കൊപ്പം ആഴമുള്ള വിഷയാവതരണങ്ങള്‍, കുടുംബ യുവജന സെഷനുകള്‍, സംഘടനാ കൂട്ടായ്മകള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സിറോ മലബാര്‍ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്കു എത്തണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് തന്റെ സന്ദേശത്തില്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും www.syroconvention.org സന്ദര്‍ശിക്കാവുന്നതാണ്.
The Syro-Malabar Diocese of Chicago celebrates its Silver Jubilee with a wide range of events















