
വാഷിംഗ്ടൺ: വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കാലാവധി അവസാനിക്കാനിരിക്കെ, അമേരിക്കൻ ഗവൺമെന്‍റ് സ്തംഭനം ഒഴിവാക്കാനുള്ള അവസാനവട്ട നീക്കങ്ങളുമായി വൈറ്റ് ഹൗസും സെനറ്റ് നേതാക്കളും. വിവിധ വകുപ്പുകൾക്കുള്ള ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളുടെ പ്രധാനപ്പെട്ട ഒരു ആവശ്യം അംഗീകരിക്കാൻ ട്രംപ് ഭരണകൂടം തയ്യാറായതായാണ് സൂചന. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയെ മറ്റ് പ്രധാന വകുപ്പുകളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് ഫണ്ടിംഗ് പാക്കേജ് വിഭജിക്കാനാണ് നിലവിലെ ധാരണ. പ്രതിരോധം, തൊഴിൽ, വിദേശകാര്യം, ഗതാഗതം, ആരോഗ്യം എന്നീ വകുപ്പുകൾക്ക് സെപ്റ്റംബർ അവസാനം വരെ പ്രവർത്തിക്കാനുള്ള മുഴുവൻ തുകയും അനുവദിക്കും.
എന്നാൽ, ഇമിഗ്രേഷൻ വിഭാഗമായ ഐസിഇ ഉൾപ്പെടുന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് താൽക്കാലികമായി മാത്രമേ ഫണ്ട് അനുവദിക്കൂ. ഇത് സംബന്ധിച്ച് കൂടുതൽ നയപരമായ ചർച്ചകൾ നടത്തുന്നതിനാണ് ഈ നീക്കം. രാജ്യത്തുടനീളം ഐസിഇ ഏജന്റുമാരെ വിന്യസിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്നാണ് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമറുടെ ആവശ്യം. ഇത് അംഗീകരിച്ചാൽ മാത്രമേ ഇമിഗ്രേഷൻ വിഭാഗത്തിന് ദീർഘകാലത്തേക്ക് ഫണ്ട് അനുവദിക്കൂ എന്ന നിലപാടിലാണ് ഡെമോക്രാറ്റുകൾ.
നിലവിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് എത്ര കാലത്തേക്ക് താൽക്കാലിക ഫണ്ട് അനുവദിക്കണം എന്ന കാര്യത്തിൽ ഇരുപക്ഷവും തമ്മിൽ ചർച്ചകൾ തുടരുകയാണ്. വെള്ളിയാഴ്ചത്തെ സമയപരിധിക്ക് മുൻപ് ധാരണയിലെത്താനായില്ലെങ്കിൽ ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടേക്കാം. അതേസമയം മറ്റ് പ്രധാന വകുപ്പുകളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കാൻ ഈ പുതിയ ധാരണ സഹായിക്കും.















