ഇന്ത്യക്കുള്ള തീരുവ 18 ൽ നിന്നും 10%ലേക്ക്; യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെ ട്രംപിൻ്റെ അടുത്ത നീക്കം

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പുറപ്പെടുവിച്ച ഏറ്റവും പുതിയ ആഗോള തീരുവ ഉത്തരവ് പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 10 ശതമാനമായി നിശ്ചയിക്കും. സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഫെബ്രുവരി 24 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യയുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമായിരുന്ന എക്സിക്യൂട്ടീവ് ഉത്തരവ്, സുപ്രീം കോടതി വിധി വന്ന സമയത്ത് അമേരിക്ക പുറത്തിറക്കിയിരുന്നില്ല.

ദേശീയ അടിയന്തരാവസ്ഥാ നിയമത്തിന് കീഴിൽ ട്രംപ് നടപ്പിലാക്കിയ ആഗോള തീരുവകളെ വെള്ളിയാഴ്ച നേരത്തെ യുഎസ് സുപ്രീം കോടതി അസാധുവാക്കിയിരുന്നു. തൻ്റെ രണ്ടാം ഊഴത്തിലെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ഭാഗമായി താരിഫുകളെ കണ്ടിരുന്ന ട്രംപിന് 6-3 എന്ന അനുപാതത്തിലുള്ള സുപ്രീംകോടതി വിധി വലിയ തിരിച്ചടിയായി.

“ഇന്ത്യയുമായുള്ള നമ്മുടെ കരാർ പ്രകാരം അവർ തീരുവ നൽകണം. പ്രധാനമന്ത്രി മോദി മികച്ച മനുഷ്യനാണ്, പക്ഷേ അദ്ദേഹം നമ്മളെ ഇത്രകാലം പറ്റിക്കുകയായിരുന്നു. ഇന്ത്യയുമായി നമ്മൾ ഒരു കരാറിൽ എത്തിയിട്ടുണ്ട്. ഇനി നമ്മളല്ല, അവരാണ് തീരുവ നൽകുന്നത്. നമ്മൾ കാര്യങ്ങൾ മാറ്റിമറിച്ചു,” എന്ന് ട്രംപ് പ്രസ്താവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നടപടി. എല്ലാ വ്യാപാര കരാറുകളും നിലവിലുണ്ടെന്നും എന്നാൽ വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ അവ നടപ്പിലാക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

തീരുവകൾ ഫലപ്രദമായി ഉപയോഗിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായും അമേരിക്കയെ വീണ്ടും മഹത്തരമാക്കിയതായും യുഎസ് പ്രസിഡൻ്റ് ആവർത്തിച്ചു. ഇതിനിടെ പത്ത് ശതമാനം അധിക ആഗോള തീരുവ കൂടി ചുമത്തുന്നതായും ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, എല്ലാ വ്യാപാര പങ്കാളികൾക്കും 10% വരെ പുതിയ താരിഫ് ഏർപ്പെടുത്തുന്നതിനായി 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 122 പ്രയോഗിക്കാൻ താൻ ഉദ്ദേശിക്കുന്നതായി ട്രംപ് പറഞ്ഞു. സെക്ഷൻ 232, 301 എന്നിവ പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള നിലവിലെ നികുതികൾ തുടരുമെന്നും സുപ്രീം കോടതി വിധി അവയെ റദ്ദാക്കിയിട്ടില്ലെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.

തനിക്ക് ഒരു “ബാക്കപ്പ് പ്ലാൻ” ഉണ്ടെന്നും നേരത്തെയുള്ള “പരസ്പര” തീരുവകൾ പുനഃസ്ഥാപിക്കാൻ മറ്റ് മാർഗങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി റദ്ദാക്കിയ പഴയ നികുതികൾക്ക് പുറമെയാകും പുതിയ 10% നികുതി ചുമത്തുകയെന്നും ട്രംപ് പറഞ്ഞു.

കോൺഗ്രസിൻ്റെ (യുഎസ് പാർലമെൻ്റ്) അനുമതിയില്ലാതെ തീരുവ ചുമത്താൻ 1977-ലെ ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) ഉപയോഗിച്ചതിലൂടെ ട്രംപ് തൻ്റെ അധികാരം ദുരുപയോഗം ചെയ്തു എന്ന കീഴ്ക്കോടതിയുടെ കണ്ടെത്തൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ശരിവച്ചു. ഇത്തരം വലിയ അധികാരങ്ങൾ പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പ്രസിഡൻ്റ് കോൺഗ്രസിൻ്റെ വ്യക്തമായ അനുമതി കാണിക്കണമെന്ന് റോബർട്ട്സ് ഊന്നിപ്പറഞ്ഞു.

Tariffs on India to be reduced from 18% to 10%; Trump’s next move after US Supreme Court ruling

More Stories from this section

family-dental
witywide