
ദാവോസ്: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ വ്യാപാര നികുതികൾ അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കമ്പനികൾക്ക് കനത്ത അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്‍റ് ക്രിസ്റ്റിൻ ലഗാർഡ് മുന്നറിയിപ്പ് നൽകി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
വിപണിയിൽ അനിശ്ചിതത്വം തിരിച്ചെത്തിയിരിക്കുകയാണെന്ന് ലഗാർഡ് പറഞ്ഞു. അമേരിക്കയിലെയും യൂറോപ്പിലെയും വൻകിട കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഇത് വലിയ തിരിച്ചടിയാണ്. സാധനങ്ങൾ എങ്ങനെ വാങ്ങുമെന്നോ വിൽക്കുമെന്നോ, നികുതി ഭാരം ആര് ചുമക്കുമെന്നോ അറിയാത്ത അവസ്ഥയാണെന്ന് അവർ ചൂണ്ടിക്കാട്ടി. നിലവിൽ മികച്ച രീതിയിലോ ഭേദപ്പെട്ട രീതിയിലോ മുന്നോട്ട് പോകുന്ന സമ്പദ്‌വ്യവസ്ഥകൾ ഇത്തരം അനിശ്ചിതത്വങ്ങൾ മൂലം സ്തംഭിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ കൂട്ടിച്ചേർത്തു.
അമേരിക്കയും യൂറോപ്പും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വളരെ വലുതാണ്. ഈ ബന്ധത്തെ അപകടത്തിലാക്കുന്നത് ശരിയായ ബിസിനസ് നയമല്ലെന്നും ക്രിസ്റ്റിൻ ലഗാർഡ് വിമർശിച്ചു. ട്രംപിന്‍റെ രണ്ടാം ഭരണകാലത്തെ ഈ അപ്രതീക്ഷിത തീരുമാനങ്ങൾ യൂറോപ്പിനുള്ള ഒരു ‘മുന്നറിയിപ്പ്’ ആണെന്ന് അവർ വിശേഷിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം പഴയ നിലയിലായില്ലെങ്കിൽ നേരിടാൻ ഒരു ‘പ്ലാൻ ബി’ യൂറോപ്പിന് ആവശ്യമാണെന്നും അവർ പറഞ്ഞു. യൂറോപ്പ് കൂടുതൽ സ്വതന്ത്രമാകണമെന്നും ആഭ്യന്തര വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലഗാർഡ് വാദിച്ചു. മറ്റു രാജ്യങ്ങളെ അമിതമായി ആശ്രയിക്കാതെ കരുത്തുറ്റ രീതിയിൽ നിലനിൽക്കാൻ യൂറോപ്പ് തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അവർ വ്യക്തമാക്കി.















