ഹോർമുസ് കടലിടുക്കിൽ സംഘർഷം കടുക്കുന്നു; എണ്ണക്കപ്പലുകൾ ‘ചങ്കൂറ്റം’ കാണിക്കണമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയും എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, കപ്പലിലെ ജീവനക്കാർ “അല്പം ധൈര്യം കാണിക്കണമെന്ന്” യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് .

ഫോക്സ് ന്യൂസിലെ ബ്രയാൻ കിൽമീഡുമായുള്ള അഭിമുഖത്തിൽ, ടാങ്കറുകൾ നേരിടുന്ന അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് “അവർ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയി അല്പം ധൈര്യം കാണിക്കണം” എന്ന് ട്രംപ് പറഞ്ഞത്. “അവിടെ ഭയപ്പെടാൻ ഒന്നുമില്ല. അവർക്ക് നാവികസേനയില്ല, അവരുടെ കപ്പലുകളെല്ലാം നമ്മൾ മുക്കിക്കളഞ്ഞു.” അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

അതേസമയം, യുഎസ് നാവികസേനയുടെ സൈനിക അകമ്പടിക്കായി ഷിപ്പിംഗ് വ്യവസായ രംഗത്തെ പ്രമുഖർ നിരന്തരം അഭ്യർത്ഥനകൾ നടത്തുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് വളരെയധികം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി പെന്റഗൺ ഈ ആവശ്യങ്ങളെല്ലാം നിരസിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സെൻ്റർ നൽകുന്ന വിവരങ്ങൾ പ്രകാരം, രണ്ടാഴ്ച മുമ്പ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക്, അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലും പരിസരങ്ങളിലുമായി കുറഞ്ഞത് 16 എണ്ണക്കപ്പലുകളും ചരക്ക് കപ്പലുകളും ആക്രമിക്കപ്പെട്ടു. ഈ ആഴ്ച ആദ്യം നടന്ന ആക്രമണങ്ങളിൽ ഒരു ഇന്ത്യൻ പൌരൻ കൊല്ലപ്പെടുകയും 38 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ടാഴ്ച മുമ്പ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതിനെത്തുടർന്ന്, കടലിടുക്കിൻ്റെ നിയന്ത്രണമുള്ള ഇറാൻ അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾ ആക്രമിക്കപ്പെടുമെന്ന ഭീതി കനക്കുന്നുണ്ട്.

Tensions escalate in Strait of Hormuz; Trump tells oil tankers to ‘show some guts