
ന്യൂയോർക്ക്: ടെസ്‌ലയുടെ സ്വയംനിയന്ത്രിത ടാക്സി സർവീസായ ‘റോബോടാക്സി’ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നു. അമേരിക്കയിലെ ഓസ്റ്റിനിൽ സർവീസ് ആരംഭിച്ച എട്ട് മാസത്തിനുള്ളിൽ 14 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് (NHTSA) കമ്പനി നൽകിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണിൽ ഓസ്റ്റിനിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സർവീസിൽ സുരക്ഷാ നിരീക്ഷകർ ഒപ്പമുണ്ടായിരുന്നെങ്കിലും അപകടങ്ങൾ ഒഴിവാക്കാനായില്ല.
ആദ്യഘട്ടത്തിൽ കേവലം സ്വത്തുനാശം മാത്രമാണ് സംഭവിച്ചതെന്ന് കമ്പനി റിപ്പോർട്ട് നൽകിയതെങ്കിലും, ജൂലൈയിൽ നടന്ന രണ്ട് അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തതായി ഡിസംബറിൽ പരിഷ്കരിച്ച റിപ്പോർട്ടിൽ ടെസ്‌ല സമ്മതിച്ചു. ജനുവരിയിൽ മാത്രം അഞ്ച് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഓസ്റ്റിൻ സിറ്റി ബസുമായി റോബോടാക്സി കൂട്ടിയിടിച്ച സംഭവവും പാർക്കിംഗ് ഏരിയകളിൽ വാഹനം പിന്നോട്ടെടുക്കുമ്പോൾ തടസ്സങ്ങളിൽ ഇടിച്ച രണ്ട് സംഭവങ്ങളും ഉൾപ്പെടുന്നു.
സുരക്ഷാ നിരീക്ഷകർ ഇല്ലാതെ തന്നെ ജനുവരി മുതൽ ചുരുക്കം ചില വാഹനങ്ങൾ ഓസ്റ്റിൻ തെരുവുകളിൽ ടെസ്‌ല ഓടിച്ചു തുടങ്ങിയിരുന്നു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളിൽ ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, അപകടങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാതെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ടെസ്‌ലയുടെ രീതിക്കെതിരെ വിമർശനം ഉയരുന്നുണ്ട്. നിലവിൽ ലോകത്ത് ഓസ്റ്റിനിൽ മാത്രമാണ് ടെസ്‌ലയുടെ ഈ ഡ്രൈവർരഹിത ടാക്സി സേവനം ലഭ്യമാകുന്നത്. സാൻ ഫ്രാൻസിസ്കോയിൽ സമാനമായ സേവനം ഉണ്ടെങ്കിലും അവിടെ ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കുന്നുണ്ട്.















