ടെക്സസ് ഗവർണറുടെ നിർണായക നീക്കം; എച്ച്-1ബി നിയമനം 2027 മെയ് 31 വരെ മരവിപ്പിച്ചു, കാരണമെന്ത്? ആരെയൊക്കെ ബാധിക്കും?

ടെക്സസ്: പുതിയ എച്ച്-1ബി വിസ അപേക്ഷകൾ അടിയന്തരമായി മരവിപ്പിക്കാൻ എല്ലാ സംസ്ഥാന ഏജൻസികളോടും പൊതു സർവ്വകലാശാലകളോടും നിർദ്ദേശിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.

വിസ പ്രോഗ്രാമിലെ ‘ദുരുപയോഗം’ ചൂണ്ടിക്കാട്ടി, പുതിയ എച്ച്-1ബി അപേക്ഷകൾ ഉടനടി മരവിപ്പിക്കാൻ ഏജൻസി മേധാവികൾക്ക് അയച്ച കത്തിൽ അബോട്ട് നിർദ്ദേശിച്ചു. ഈ മരവിപ്പിക്കൽ 2027 മെയ് 31 വരെ നിലനിൽക്കും. അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷൻ്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഇതിൽ ഇളവ് അനുവദിക്കൂ. അമേരിക്കയിൽ, പ്രത്യേകിച്ച് റിപ്പബ്ലിക്കൻ പിന്തുണയേറെയുള്ള ടെക്സസിൽ ജോലി ആഗ്രഹിക്കുന്ന വിദേശ പ്രൊഫഷണലുകൾക്ക് ഇത് വലിയ തിരിച്ചടിയാണ്.

ആർക്കൊക്കെ ബാധകം

ഗവർണർ നിയമിച്ച തലവന്മാരുള്ള എല്ലാ സംസ്ഥാന ഏജൻസികൾക്കും പൊതു സർവ്വകലാശാലകൾക്കും ഈ ഉത്തരവ് ബാധകമാണ്. എന്നാൽ സ്വകാര്യ കമ്പനികൾക്കോ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ നയിക്കുന്ന ഏജൻസികൾക്കോ ഇത് ബാധകമല്ല.

അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ താൻ പ്രവർത്തിക്കുമെന്ന് അബോട്ട് പ്രസ്താവനയിൽ വ്യക്തമാക്കി. “ഫെഡറൽ എച്ച്-1ബി വിസ പ്രോഗ്രാമിലെ ദുരുപയോഗം സംബന്ധിച്ച സമീപകാല റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലും, അമേരിക്കൻ ജോലികൾ അമേരിക്കൻ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫെഡറൽ ഗവൺമെന്റ് ഈ പ്രോഗ്രാമിനെക്കുറിച്ച് നടത്തുന്ന പുനഃപരിശോധനയുടെയും അടിസ്ഥാനത്തിൽ, എല്ലാ സംസ്ഥാന ഏജൻസികളോടും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ ഉടൻ മരവിപ്പിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു.”- അദ്ദേഹത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.  മാർച്ച് 27-നകം വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഗവർണർ ഏജൻസികളോടും സർവകലാശാലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 2025-ൽ എത്ര പുതിയ എച്ച്-1ബി അപേക്ഷകളും പുതുക്കലുകളും ഫയൽ ചെയ്തു, നിലവിൽ എത്ര വിസ ഉടമകളെ സ്പോൺസർ ചെയ്യുന്നുണ്ട്, അവരുടെ ജോലി തസ്തികകൾ, മാതൃരാജ്യം എന്നിവ ഏതാണ് എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് അദ്ദേഹം തേടിയിരിക്കുന്നത്.

“തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി ടെക്സസിലെ നികുതിദായകർ ശതകോടികൾ നിക്ഷേപിക്കുന്നു; ആ ജോലികൾ ടെക്സസ് നിവാസികൾക്ക് തന്നെ ലഭിക്കണം.” എക്സിലെ തൻ്റെ പോസ്റ്റിലൂടെ അബോട്ട് നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞവർഷം, ഡോണൾഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ടെക്സസ് ഗവർണറുടെ ഈ കടുത്ത നടപടി. 

Texas Governor’s critical move; H-1B hiring frozen until May 31, 2027,

More Stories from this section

family-dental
witywide