“അവർ ഇവിടെ വന്നു, വ്യാപാരം തുടങ്ങി, കുട്ടികളായി, അയൽപക്കങ്ങൾ കീഴടക്കി”; ടെക്സാസ് ഗവർണറുടെ എച്ച്-1ബി വിസ നിയന്ത്രണം വൈകിപ്പോയെന്ന് വിമർശനം

ടെക്സസ് : ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ടിൻ്റെ എച്ച്-1ബി വിസ നിയന്ത്രണങ്ങൾക്കെതിരെ അമേരിക്കൻ പോഡ്‌കാസ്റ്ററും ഇൻഫ്ലുവൻസറുമായ കൈൽ സെറാഫിൻ രംഗത്ത്. ആബട്ടിൻ്റെ ഈ നീക്കം ഇപ്പോൾ ഫലപ്രദമല്ലെന്നും വൈകിപ്പോയെന്നും അദ്ദേഹം വിമർശിച്ചു. 2024-ൽ ആബട്ട് എടുത്ത തീരുമാനങ്ങൾ കാരണം സ്റ്റേറ്റ് ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി നിയമനങ്ങൾ മരവിപ്പിക്കുന്നത് “വളരെ കുറഞ്ഞതും വൈകിപ്പോയതുമായ” നടപടിയാണെന്ന് സെറാഫിൻ വിമർശിച്ചു.

ഇന്ത്യക്കാരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു സെറാഫിന്റെ പ്രധാന വിമർശനം. എച്ച്-1ബി വിസക്കാർ ടെക്സാസിലെത്തി താമസം ഉറപ്പിക്കുകയും അവിടെവെച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അയൽപക്കങ്ങൾ കൈക്കലാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

“എന്തിനാണ് ടെക്സാസ് ഇത്രയധികം ഇന്ത്യക്കാരെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അതിനൊരു വ്യക്തത വരുന്നു. ഗവർണർ ആബട്ട് ടെക്സാസിൽ പുതിയ എച്ച്-1ബി വിസകൾ മരവിപ്പിച്ചു… പക്ഷേ ഇത് വൈകിപ്പോയി. അവർ ഇവിടെയെത്തി, കടകൾ സ്ഥാപിച്ചു, കുട്ടികളുണ്ടായി, അയൽപക്കങ്ങൾ പിടിച്ചെടുത്തു, അവരുടെ സംസ്‌കാരം കൂടെക്കൂട്ടുകയും ചെയ്തു,” 2024-ൽ ആബട്ട് നടത്തിയ ഇന്ത്യ സന്ദർശനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സെറാഫിൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

2024-ൽ ആബട്ട് ടെക്സാസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തെ ശക്തമായി പിന്തുണയ്ക്കുകയും ന്യൂഡൽഹി സന്ദർശിക്കുകയും ചെയ്തിരുന്നു. “ടെക്സാസും ഇന്ത്യയും ലോകത്ത് തങ്ങളുടേതായ മുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യ ചൈനയുടെയും റഷ്യയുടെയും അയൽപക്കത്താണ്, ടെക്സാസ് അമേരിക്കയുടെയും ലാറ്റിനമേരിക്കയുടെയും മധ്യഭാഗത്താണ്. കുടുംബം, വിശ്വാസം, കരുണ, കഠിനാധ്വാനം എന്നീ മൂല്യങ്ങൾ നമ്മൾ പങ്കിടുന്നു,” എന്നാണ് അന്ന് ആബട്ട് പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് സെറാഫിൻ്റെ വിമർശനം. ഇന്ത്യൻ കമ്പനികൾ ടെക്സാസിൽ നടത്തുന്ന നിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹം അന്ന് എടുത്തുപറഞ്ഞിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യൻ കമ്പനികൾ 1.4 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയെന്നും 59 പദ്ധതികളിലൂടെ 10,300-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 5,42,000-ലധികം ഇന്ത്യക്കാർ ടെക്സാസിനെ സ്വന്തം വീടായി കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ടെക്സസിലെ എല്ലാ സ്റ്റേറ്റ് ഏജൻസികളോടും പൊതു സർവ്വകലാശാലകളോടും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ സമർപ്പിക്കുന്നത് ഉടനടി നിർത്താൻ ഗ്രെഗ് ആബട്ട് ഉത്തരവിട്ടിരുന്നു. ഈ നിയന്ത്രണം 2027 മെയ് 31 നിലനിൽക്കും. നികുതിപ്പണം ഉപയോഗിച്ചുള്ള ജോലികളിൽ ടെക്സസ് സ്വദേശികൾക്ക് മുൻഗണന നൽകുന്നതിനും എച്ച്-1ബി വിസ പ്രോഗ്രാമിലെ ക്രമക്കേടുകൾ തടയുന്നതിനുമാണ് ഈ നടപടിയെന്നാണ് ഗവർണർ വ്യക്തമാക്കിയത്. ഇത് പ്രധാനമായും പൊതു സർവ്വകലാശാലകളിലെ ഗവേഷകർ, പ്രൊഫസർമാർ, ഡോക്ടർമാർ എന്നിവരെയും സർക്കാർ ഏജൻസികളിലെ സാങ്കേതിക വിദഗ്ധരെയുമാണ് ബാധിക്കുന്നത്. എന്നാൽ സ്വകാര്യ കമ്പനികളെ ഈ ഉത്തരവ് നേരിട്ട് ബാധിക്കില്ല.

Texas governor’s H-1B visa restrictions criticized for being late.

More Stories from this section

family-dental
witywide