
ഹൂസ്റ്റൺ: രണ്ടുവയസ്സുകാരനായ മകനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് ജീവിതകാലം മുഴുവൻ വീൽചെയറിലാക്കിയ സംഭവത്തിൽ ടെക്സസ് എണ്ണ വ്യവസായിയായ ശതകോടീശ്വരന് ചരിത്രപരമായ ശിക്ഷ. 34-കാരനായ ചാർലസ് ബ്രൂക്സ് ജൂനിയറിനോട് 1.1 ബില്യൺ ഡോളർ (ഏകദേശം 9,200 കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് സിവിൽ ജൂറി ഉത്തരവിട്ടത്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു കുട്ടിക്കെതിരെയുള്ള അതിക്രമത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
പ്രശസ്തമായ ‘ഹംബിൾ ഓയിൽ’ കമ്പനിയുടെ സ്ഥാപക നിക്ഷേപകരിലൊരാളായ പേഴ്സി ടർണറുടെ കൊച്ചുമകനാണ് ബ്രൂക്സ്. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് നിലവിൽ ഏഴ് വയസ്സുള്ള കുട്ടിക്ക് ശ്വസിക്കാൻ മെഷീൻ്റെയും ഭക്ഷണത്തിന് ട്യൂബിൻ്റെയും സഹായം വേണം. ജീവിതകാലം മുഴുവൻ 24 മണിക്കൂറും പരിചരണം ആവശ്യമായ അവസ്ഥയിലാണ് കുട്ടിയിപ്പോൾ.
സംഭവം ഇങ്ങനെ
2021 ഏപ്രിൽ 22-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടിയെ നോക്കാൻ ഏൽപ്പിച്ചത് ബ്രൂക്സിനെയായിരുന്നു. കുട്ടി മേശപ്പുറത്ത് നിന്ന് വീണതാണെന്നും ഇപ്പോൾ കുഴപ്പമില്ലെന്നും ഇയാൾ അമ്മയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വീഡിയോ കോളിലൂടെ മകനെ കണ്ട അമ്മയ്ക്ക് കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് ബോധ്യമായി. വിവരം പുറത്തറിയിച്ചാൽ കൊന്നുകളയുമെന്ന് ബ്രൂക്സ് ഭീഷണിപ്പെടുത്തിയെങ്കിലും അമ്മ ഉടൻ തന്നെ അടിയന്തര സഹായ സേവനങ്ങളെ വിളിച്ച് സഹായം തേടുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ശരീരത്തിൽ മുതിർന്ന ഒരാൾ കടിച്ചതിൻ്റെ പാടുകളും തലച്ചോറിന് ഗുരുതരമായ ക്ഷതവും ആന്തരിക രക്തസ്രാവവും കണ്ടെത്തി. ഇത് വീഴ്ചയിൽ സംഭവിച്ചതല്ലെന്നും അതിക്രൂരമായ മർദ്ദനമാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ബ്രൂക്സിനെ പിന്നീട് പൊലീസ് പിടികൂടി.
നിലവിൽ 40 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ബ്രൂക്സ്. ഇതിന് പുറമെയാണ് ഇപ്പോൾ വൻതുക പിഴയായി വിധിച്ചിരിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്കും ഭാവി സുരക്ഷയ്ക്കുമായി 800 മില്യൺ ഡോളറും ബാക്കി തുക മാതാപിതാക്കൾക്കുമാണ് നൽകേണ്ടത്. ടെക്സസിലെ കുട്ടികളെ ഉപദ്രവിക്കരുത് എന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് കുട്ടിയുടെ അഭിഭാഷകൻ ടോണി ബുസ്ബി പ്രതികരിച്ചു. ബ്രൂക്സിന് 2042-ൽ മാത്രമേ ഇനി പരോളിന് അർഹതയുണ്ടാവുകയുള്ളൂ.
Texas oil tycoon fined Rs 9,200 crore for brutally beating two-year-old boy, leaving him in a wheelchair for the rest of his life















