
വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ പലന്തിർ ടെക്നോളജീസിൻ്റെ ചീഫ് ടെക്നോളജി ഓഫീസർ (CTO) ആണ് ഇന്ത്യൻ വംശജനായ ശ്യാം ശങ്കർ. മുംബൈയിൽ ജനിച്ച് അമേരിക്കയിൽ വളർന്ന ഇദ്ദേഹം ഇന്ന് ലോകത്തെ തന്നെ സ്വാധീനിക്കുന്ന മുൻനിര ടെക്നോളജിസ്റ്റുകളിൽ ഒരാളാണ്. ചെറുപ്പകാലത്ത് തന്നെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയിരുന്നു ഇദ്ദേഹത്തിൻ്റെ കുടുംബം. പിതാവ് തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് പഠിച്ച് വളർന്ന വ്യക്തിയായിരുന്നു. മുംബൈയിൽ നിന്നും നൈജീരിയയിലേക്കും പിന്നീട് അമേരിക്കയിലെ ഫ്ലോറിഡയിലേക്കും കുടിയേറിയ ഇദ്ദേഹത്തിൻ്റെ കുടുംബം അവിടെ ഒരു ചെറിയ സുവനീർ ഷോപ്പും ഡ്രൈ ക്ലീനിംഗ് ബിസിനസ്സും നടത്തിയിരുന്നു.
കോർണൽ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദവും, സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് മാനേജ്‌മെൻ്റ് സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2006-ൽ കമ്പനിയിലെ 13-ാമത്തെ ജീവനക്കാരനായാണ് ശ്യാം ചേർന്നത്. ഇന്ന് കമ്പനിയുടെ നിർണ്ണായകമായ സാങ്കേതിക തീരുമാനങ്ങൾ എടുക്കുന്നതും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പദ്ധതികൾക്ക് നേതൃത്വം നൽകുന്നതും ഇദ്ദേഹമാണ്.
അമേരിക്കൻ പ്രതിരോധ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന ശ്യാം, യുദ്ധഭൂമിയിലെ ഡാറ്റാ വിശകലനത്തിനും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കുന്ന AI അധിഷ്ഠിത സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ പ്രധാനിയാണ്. അടുത്തിടെ അദ്ദേഹം യുഎസ് ആർമി റിസർവിൽ ലഫ്റ്റനന്റ് കേണലായി ചേരുകയും ചെയ്തു. സ്ഥാപകരല്ലാത്ത പാലന്തിർ ജീവനക്കാരിൽ ശതകോടീശ്വരൻ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ശ്യാം ശങ്കർ.
അമേരിക്കൻ പ്രതിരോധ സംവിധാനത്തിൻ്റെ നവീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന “Mobilize: How to Reboot the American Industrial Base and Stop World War III” എന്ന പുസ്തകത്തിൻ്റെ രചയിതാവ് കൂടിയാണ് അദ്ദേഹം. അമേരിക്കയുടെ പ്രതിരോധ ഭാവിയെ പുതിയ സാങ്കേതികവിദ്യകളിലൂടെ നയിക്കുന്നതിൽ ഒരു വലിയ പങ്കുതന്നെ ഇന്ന് ഈ ഇന്ത്യൻ വംശജനുണ്ട്.
The genius leading America’s defense future; Who is Indian-origin Palantir CTO Shyam Shankar?















