‘താക്കോൽ നഷ്ടപ്പെട്ടു, അടുത്തത് പറയൂ’; ട്രംപിൻ്റെ അന്ത്യശാസനത്തെ പരിഹസിച്ച് ഇറാൻ, യുദ്ധം പുതിയ തലത്തിലേക്ക്, മിഡിൽ ഈസ്റ്റിൽ തീമഴയോ?

വാഷിംഗ്ടൺ/ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ ഒരു മാസമായി തുടരുന്ന യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. തന്ത്രപ്രധാനമായ ഹോർമുസ് ഇടുക്ക് ചൊവ്വാഴ്ചയ്ക്കകം തുറന്നുകൊടുക്കണമെന്നാണ് ഇറാനോട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ ഇറാൻ്റെ പവർ പ്ലാൻ്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അതിശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അതീവ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. “ചൊവ്വാഴ്ച ഇറാനിലെ പവർ പ്ലാൻ്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും. ഹോർമുസ് ഇടുക്ക് തുറക്കുക, അല്ലെങ്കിൽ നിങ്ങൾ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരും,” ട്രംപ് കുറിച്ചു. ആഗോള എണ്ണ-വാതക വ്യാപാരത്തിൻ്റെ ജീവനാഡിയായ ഈ സമുദ്രപാത ഇറാൻ തടഞ്ഞതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

എന്നാൽ, ട്രംപിൻ്റെ അന്ത്യശാസനത്തെ പരിഹാസത്തോടെയാണ് ഇറാൻ നേരിടുന്നത്. “ഞങ്ങൾക്ക് താക്കോൽ നഷ്ടപ്പെട്ടു” എന്നും “അടുത്ത ആവശ്യം പറയൂ” എന്നും സിംബാബ്‌വെയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു. യുദ്ധത്തിൽ തങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം ലഭിക്കാതെ പാത തുറക്കില്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ. അമേരിക്ക ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൽപ്പനകൾ അനുസരിക്കുകയാണെന്നും ഇത് അമേരിക്കയെ നരകത്തിലേക്ക് നയിക്കുമെന്നും ഇറാൻ്റെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് കുറ്റപ്പെടുത്തി. “നിങ്ങളുടെ വീണ്ടുവിചാരമില്ലാത്ത നീക്കങ്ങൾ അമേരിക്കയെ ഓരോ കുടുംബത്തിനും വേണ്ടിയുള്ള ഒരു ജീവനുള്ള നരകത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്, നെതന്യാഹുവിൻ്റെ കൽപ്പനകൾ പാലിക്കാൻ നിങ്ങൾ നിർബന്ധിക്കുന്നതിനാൽ നമ്മുടെ മുഴുവൻ പ്രദേശവും കത്തിയെരിയാൻ പോകുന്നു. ഒരു തെറ്റും ചെയ്യരുത്: യുദ്ധ കുറ്റകൃത്യങ്ങളിലൂടെ നിങ്ങൾക്ക് ഒന്നും നേടാനാവില്ല. ഇറാനിയൻ ജനതയുടെ അവകാശങ്ങളെ മാനിക്കുകയും ഈ അപകടകരമായ കളി അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏക യഥാർത്ഥ പരിഹാരം,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടെഹ്‌റാനിലും പവിത്ര നഗരമായ കോമിലും (Qom) ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ അമേരിക്കയുടെ ഒരു എഫ്-15ഇ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു. തകർന്ന വിമാനത്തിൽ നിന്നും പരിക്കേറ്റ സൈനികരെ സാഹസികമായ ദൗത്യത്തിലൂടെയാണ് അമേരിക്ക രക്ഷപ്പെടുത്തിയത്.

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിലും മിസൈൽ ആക്രമണങ്ങളെത്തുടർന്ന് തീപിടുത്തമുണ്ടായിട്ടുണ്ട്.ഹോർമുസ് ഇടുക്കിന് പുറമെ ബാബ് എൽ-മന്ദെബ് കടലിടുക്കിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതോടെ ആഗോള സാമ്പത്തിക രംഗവും കപ്പൽ ഗതാഗതവും വലിയ പ്രതിസന്ധിയിലാണ്. ഇരുവിഭാഗവും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇരുപക്ഷവും പിന്മാറാൻ വിസമ്മതിക്കുകയും യുദ്ധം ഇപ്പോൾ ഒരു മാസത്തിലധികം നീണ്ടുനിൽക്കുകയും ചെയ്യുന്നതോടെ, പ്രതിസന്ധി ഒരു അസ്ഥിരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചു.

‘The key is lost, tell me what’s next’; Iran mocks Trump’s ultimatum: War to a new level

More Stories from this section

family-dental
witywide