
വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഐ.സി.ഇ. (ICE) ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇടതുപക്ഷ സംഘടനകളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനൊപ്പം തന്നെ, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ഈ വിഷയം ഭിന്നതയുണ്ടാക്കുന്നുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം ട്രംപിൻ്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങളെയും ഐ.സി.ഇ.യുടെ നടപടികളെയും പൂർണ്ണമായി പിന്തുണയ്ക്കുമ്പോൾ, മറ്റൊരു വിഭാഗം ഇത്തരം ആക്രമണാത്മകമായ രീതികൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഭയപ്പെടുന്നു. പ്രത്യേകിച്ച്, നിയമപാലനത്തിലെ സുതാര്യതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകൾ പാർട്ടിയിലെ മിതവാദികൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ഈ കൊലപാതകത്തെ ന്യായീകരിക്കുമ്പോഴും, പാർട്ടിക്കുള്ളിലെ പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തുവരികയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറയുന്നത് അലക്സ് പ്രെറ്റി തോക്കെടുത്ത് ചൂണ്ടിയതിനാലാണ് ഫെഡറൽ ഏജൻ്റുമാർ വെടിവെച്ചതെന്നാണ്. എന്നാൽ, തോക്ക് നിയമപരമായി രജിസ്റ്റർ ചെയ്തതാണെന്നും അയാൾ അത് ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും തോക്ക് നീക്കം ചെയ്തതിന് ശേഷമാണ് അയാൾക്ക് വെടിയേറ്റതെന്നും പ്രാദേശിക അധികാരികൾ പറയുന്നു. ഇത് പരാമർശിച്ച് മുൻ കോൺഗ്രസ് വനിത മാർജോറി ടെയ്‌ലർ ഗ്രീൻ രംഗത്തെത്തിയിരുന്നു.
അതിർത്തി സുരക്ഷയിലും കുറ്റവാളികളായ നിയമവിരുദ്ധ വിദേശികളെ നാടുകടത്തുന്നതിലും താൻ നിയമപാലകരെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ, തോക്ക് കൈവശം വയ്ക്കുന്നത് ചൂണ്ടിക്കാട്ടി കൊലപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ല എന്നാണ് അവർ പറഞ്ഞത്.
റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസിയും ഐസിഇ നടപടിയെ വിമർശിച്ച് രംഗത്തെത്തി. “തോക്ക് കൊണ്ടുപോകുന്നതിന് വധശിക്ഷയല്ല നൽകേണ്ടത്, ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശമാണ്, ഇത് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിയമപാലകരിലോ സർക്കാരിലോ നിങ്ങൾക്ക് ഒരു കാര്യവുമില്ല,” തോമസ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
അലാസ്ക സെനറ്റർ ലിസ മർകോവ്സ്കി ഐസിഇ ഏജൻ്റുമാർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
ലൂയിസിയാന സെനറ്റർ ബിൽ കാസിഡിയും ഐസിഇയുടെയും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെയും വിശ്വാസ്യത അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകി. അന്വേഷണം വേണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു.
നോർത്ത് കരോലിന സെനറ്റർ തോം ടിലിസ്, വെർമോണ്ട് ഗവർണർ ഫിൽ സ്കോട്ട്, ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് തുടങ്ങിയവരും ഈ സംഭവം ഒട്ടും അംഗീകരിക്കാനാവില്ലെന്നും ഫെഡറൽ ഏജൻ്റുമാരുടെ ഈ നടപടി പൗരന്മാരെ ഭയപ്പെടുത്തുന്നതിനും പ്രകോപിപ്പിക്കുന്നതിനും തുല്യമാണെന്നും കുറ്റപ്പെടുത്തി.
ഇതിനുപുറമെ, നാഷണൽ റൈഫിൾ അസോസിയേഷൻ (NRA) പോലുള്ള പ്രമുഖ സംഘടനകളും സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അലക്സ് പ്രെറ്റി നിയമപരമായി തോക്ക് കൈവശം വെച്ചിരുന്ന ഒരു യു.എസ് പൗരനും നഴ്സുമായിരുന്നു.
The murder of Alex Pretty has divided members of Trump’s own party, with many fearing it will damage the party’s image.















