
കാരക്കാസ്: നിക്കോളാസ് മഡൂറോയെ പുറത്താക്കി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വെനിസ്വേലയുടെ എണ്ണ ശേഖരത്തിന് മേൽ അമേരിക്ക പിടിമുറുക്കുന്നു. വെനിസ്വേലയിൽ നിന്നുള്ള ആദ്യഘട്ട എണ്ണ വിൽപ്പന അമേരിക്ക പൂർത്തിയാക്കിയതായും ഇതിലൂടെ 500 മില്യൺ ഡോളർ (ഏകദേശം 4,200 കോടി രൂപ) സമാഹരിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ എണ്ണ വിൽക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
വെനിസ്വേലയിലെ തകർന്നടിഞ്ഞ ഊർജ്ജ മേഖലയെ പുനർനിർമ്മിക്കാൻ എണ്ണക്കമ്പനികൾ 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ എണ്ണക്കമ്പനികളുടെ മേധാവികൾ ഈ പദ്ധതിയിൽ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. വെനിസ്വേലയിലെ നിലവിലെ സാഹചര്യത്തിൽ പണം നിക്ഷേപിക്കുന്നത് പ്രായോഗികമല്ലെന്ന് എക്‌സോൺ മൊബീൽ സിഇഒ ഡാരൻ വുഡ്‌സ് വ്യക്തമാക്കി. അവിടെ കൃത്യമായ നിയമസംവിധാനമോ സാമ്പത്തിക സുരക്ഷിതത്വമോ ഇല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് ഒരു വമ്പൻ എണ്ണക്കമ്പനിയും ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല. വെനിസ്വേലയിലെ എണ്ണ ശേഖരം പൂർണ്ണമായും അമേരിക്കൻ താല്പര്യങ്ങൾക്കായി ഉപയോഗിക്കുക എന്നതാണ് ട്രംപിന്റെ നയം. എന്നാൽ സുരക്ഷാ ഭീഷണിയും രാഷ്ട്രീയ അനിശ്ചിതത്വവും കമ്പനികളെ പിന്നോട്ട് വലിക്കുന്നു. അമേരിക്കൻ സൈന്യം പിടിച്ചെടുത്ത എണ്ണ വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം വെനിസ്വേലയുടെ പുനർനിർമ്മാണത്തിന് ഉപയോഗിക്കുമോ അതോ അമേരിക്കയുടെ യുദ്ധച്ചെലവുകൾക്കായി മാറ്റിവെക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.















