
വാഷിംഗ്ടൺ: ശനിയാഴ്ച, ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ അമേരിക്കയും സംയുക്തമായി പങ്കെടുത്തെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും ചേർന്ന് നടത്തിയ ഈ ആക്രമണം ഇറാൻ്റെ ആണവ-മിസൈൽ ഭീഷണികൾ ഒഴിവാക്കാനാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത പൂർണ്ണമായും അടച്ചു. ഈ ആക്രമണങ്ങളിൽ അമേരിക്കൻ സേന നേരിട്ട് പങ്കെടുത്തതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളായ സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് എന്നിവ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്കൻ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണങ്ങൾ പുരോഗമിക്കുകയാണെന്നും അവയെ “ചെറിയ ആക്രമണമല്ല” എന്നുമാണ് ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പറഞ്ഞത്. ഇതോടെ പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതിക്ക് കാരണമായിട്ടുണ്ട്.
ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ജനങ്ങളോട് ബങ്കറുകൾക്ക് സമീപം തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
The US is also participating in Israeli attacks on Iran, targeting Iran’s nuclear facilities, and missiles also landed near Khamenei’s office.















