
വാഷിംഗ്ടൺ: അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഒരേ ദിവസം രണ്ട് വ്യത്യസ്ത സന്ദേശങ്ങൾ നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുദ്ധം ഏകദേശം അവസാനിച്ചെന്ന പ്രഖ്യാപനവുമായാണ് ഇന്ന് ട്രംപ് ആദ്യം പ്രതികരിച്ചത്. തിങ്കളാഴ്ച സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ ഈ അഭിപ്രായ പ്രകടനം ഉണ്ടായത്. എന്നാൽ പിന്നീട്, ഈ ആഴ്ച യുദ്ധം അവസാനിക്കില്ല, പക്ഷേ ഉടൻ തന്നെ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച മയാമിയിലെ തൻ്റെ ഗോൾഫ് ക്ലബ്ബിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആദ്യ പ്രസ്താവനയിൽ നിന്നും ട്രംപ് വ്യത്യസ്തമായ അഭിപ്രായം മുന്നോട്ടുവെച്ചത്. യുദ്ധം ‘വളരെ വേഗം’ അവസാനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായാണ് ട്രംപ് രണ്ടാമത് പറഞ്ഞത്. കൂടാതെ, ഇറാൻ എണ്ണ വിതരണം തടഞ്ഞാൽ അവർക്ക് ‘വളരെ ശക്തമായ’ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.”
ഏകദേശം നാലോ അഞ്ചോ ആഴ്ചകൾ യുദ്ധം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും, എന്നാൽ യുഎസ് വളരെയേറെ മുന്നിലാണെന്നും ഇത് വേഗത്തിൽ തന്നെ അവസാനിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.”യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയുമില്ല. അവരുടെ മിസൈലുകൾ ചിതറിപ്പോയി, നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും, നിർമാണത്തിൽ ഉൾപ്പെടെ അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവർക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല” ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ ഉന്നത നേതൃത്വം ഇല്ലാതായതാണ് യുദ്ധം പെട്ടെന്ന് അവസാനിക്കാൻ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ആഗോള എണ്ണവില വർദ്ധനവ് തടയാൻ ഇറാന് മേലുള്ള ചില എണ്ണ ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിനെ കുറിച്ചുള്ള ചോദ്യത്തിന് അതിലൂടെ കപ്പലുകൾ ഇപ്പോൾ കടന്നുപോകുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അവർക്ക് ചെയ്യാനുള്ളതെല്ലാം അവർ ഇവിടെ ചെയ്ത് കഴിഞ്ഞു. ഇനിയും കൂടുതൽ നടപടികൾക്ക് ശ്രമിച്ചാൽ ആർക്കും വീണ്ടെടുക്കാൻ കഴിയാത്തവിധം ആ ദേശം നശിപ്പിക്കപ്പെടും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
5,000-ത്തിലധികം ലക്ഷ്യങ്ങൾ യുഎസ് ആക്രമിച്ചുവെന്നും എന്നാൽ ചില പ്രധാന ലക്ഷ്യങ്ങൾ പിന്നീടത്തേക്ക് അവശേഷിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേർന്ന് ആദ്യം ആക്രമിച്ചില്ലായിരുന്നുവെങ്കിൽ ഇറാൻ പശ്ചിമേഷ്യ മുഴുവൻ പിടിച്ചെടുക്കുമായിരുന്നു എന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.
അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി തിരഞ്ഞെടുത്ത പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തോട് പ്രത്യേകമായി യാതൊന്നും തന്നെ പറയാനില്ല. ഇറാനെ നയിക്കാൻ ഞാൻ മറ്റൊരാളെയാണ് മനസിൽ കാണുന്നതെന്നാണ് ട്രംപ് പറയുന്നത്. മൊജ്തബയെ നിയമിച്ചതിൽ താൻ തൃപ്തനല്ലെന്ന് മുമ്പ് തന്നെ ട്രംപ് പ്രതികരിച്ചിരുന്നു.
“The war is almost over, Iran has nothing left”: Trump makes a decisive announcement















