ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നും താൻ ആഗ്രഹിക്കുന്ന സമയത്ത് അത് അവസാനിപ്പിക്കാമെന്നും വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. Axios-നോട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപിൻ്റെ തുറന്നു പറച്ചിൽ. “ഇപ്പോൾ ലക്ഷ്യമിടാൻ ഒന്നും ബാക്കി ഇല്ലെന്ന് പറയാം. ഇനി കുറച്ച് കാര്യങ്ങൾ മാത്രം… ഞാൻ അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന സമയത്ത് തന്നെ യുദ്ധം അവസാനിക്കും.” മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ട്രംപ് പറഞ്ഞു.
ട്രംപ് തന്റെ സൈനിക നീക്കങ്ങളുടെ ലക്ഷ്യങ്ങൾ ഇറാനിൽ കൂടുതലായും കൈവരിച്ചുവെന്ന സൂചന നൽകിയിട്ടും മിഡിൽ ഈസ്റ്റിൽ ആക്രമണങ്ങൾ അവസാനിച്ചിട്ടില്ല. അതേ ദിവസം തന്നെ ഇസ്രായേൽ പ്രതിരോധമന്ത്രി അമേരിക്കയുമായി ചേർന്നുള്ള ആക്രമണപ്രവർത്തനങ്ങൾ ആവശ്യമായത്ര കാലം തുടരുമെന്ന് അറിയിച്ചു. “എല്ലാ ലക്ഷ്യങ്ങളും കൈവരിച്ച് ഈ സൈനിക നീക്കത്തിന്റെ ഫലം നിശ്ചയിക്കുന്നതുവരെ സമയപരിധിയില്ലാതെ ഈ ഓപ്പറേഷൻ തുടരും,” എന്നാണ് അദ്ദേഹം Agence France-Presse(AFP)-നോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസം മുമ്പ് CBS News ന് നൽകിയ അഭിമുഖത്തിൽ യുദ്ധം “ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്” എന്ന് പറഞ്ഞതിന് പിന്നാലെയാണ് യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞത്.
ഇറാനിന് ഇനി നാവികസേനയില്ല, ആശയവിനിമയ സംവിധാനമില്ല, വ്യോമസേനയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.“അവരുടെ മിസൈലുകൾ ചിതറിപ്പോയ നിലയിലാണ്. ഡ്രോണുകൾ എല്ലായിടത്തും തകർക്കപ്പെടുന്നു, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ പോലും നശിപ്പിക്കപ്പെടുന്നു,” ട്രംപ് പറഞ്ഞു. സൈനികപരമായി ഇറാനിന് ഇനി ഒന്നും ശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ “തന്ത്രങ്ങളൊന്നും പരീക്ഷിക്കരുത്” എന്ന മുന്നറിയിപ്പും ട്രംപ് നൽകി.“അവർക്കുണ്ടായിരുന്ന എല്ലാം അവർ ഉപയോഗിച്ചു കഴിഞ്ഞു. ഇനി എന്തെങ്കിലും കളി കാണിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിന്റെ അവസാനം തന്നെയായിരിക്കും… അവർ എന്തെങ്കിലും തെറ്റായ നീക്കം നടത്തിയാൽ ഇറാനെന്ന പേര് പോലും പിന്നെ കേൾക്കാനില്ല,” എന്ന് ട്രംപ് പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഗതാഗത വഴികളിലൊന്നായ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് ചൊവ്വാഴ്ചയും ട്രംപ് ഇറാനെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ “ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യണം. അവ നീക്കം ചെയ്യാത്ത പക്ഷം ഇറാനെതിരെ ഇതുവരെ കാണാത്തതായ സൈനിക നടപടി ഉണ്ടാകും.” എന്നും ട്രംപ് നിർദ്ദേശം നൽകി.
“The war with Iran will end the moment I want it to”; Trump claims again, says the conflict will end soon












