ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വൈറ്റ് ഹൗസ്; യൂറോപ്യൻ സൈനിക നീക്കം തടസമല്ലെന്ന് തുറന്നടിച്ച് കരോലിൻ ലീവിറ്റ്

വാഷിംഗ്ടൺ: ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലക്ഷ്യത്തെ തടയാൻ യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക സാന്നിധ്യത്തിന് കഴിയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്. ഈ ആഴ്ച നിരവധി യൂറോപ്യൻ നാറ്റോ രാജ്യങ്ങൾ ഗ്രീൻലൻഡിൽ സൈനികരെ വിന്യസിച്ചത് ട്രംപിന്റെ തീരുമാനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക നീക്കം പ്രസിഡന്റിന്റെ തീരുമാനങ്ങളെയോ ഗ്രീൻലൻഡ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തെയോ സ്വാധീനിക്കുന്നില്ലെന്ന് ലീവിറ്റ് ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഡെന്മാർക്ക്, ഗ്രീൻലൻഡ് വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം. ഗ്രീൻലൻഡ് സ്വന്തമാക്കുന്നതിനെക്കുറിച്ച് സാങ്കേതിക ചർച്ചകൾ നടത്തുന്നതിനായി ഒരു ‘വർക്കിംഗ് ഗ്രൂപ്പ്’ രൂപീകരിക്കാൻ ഇരു പ്രതിനിധി സംഘങ്ങളും ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഓരോ രണ്ടാഴ്ചയോ മൂന്നാഴ്ചയോ കൂടുമ്പോൾ ഈ ഗ്രൂപ്പ് ചർച്ചകൾ നടത്തും.

ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും മുൻഗണനയുള്ള കാര്യമായാണ് പ്രസിഡന്റ് കാണുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, സെനറ്റർ ക്രിസ് കൂൺസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ കോൺഗ്രസ് പ്രതിനിധി സംഘം കോപ്പൻഹേഗനിൽ ഡെന്മാർക്ക്, ഗ്രീൻലൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഈ സംഘം ചർച്ചകൾക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഗ്രീൻലൻഡ് ഡെന്മാർക്കിന്റെ ഭാഗമായി തുടരണമെന്ന ഡെന്മാർക്കിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും നിലപാടും, അത് സ്വന്തമാക്കണമെന്ന ട്രംപിന്റെ കർശന നിലപാടും തമ്മിലുള്ള നയതന്ത്ര തർക്കം ഇതോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

More Stories from this section

family-dental
witywide