
വാഷിംഗ്ടൺ: ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം ഒഴിവാക്കിയ താനാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ഏറ്റവും അർഹനെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിനിടെ ആകാശത്ത് എട്ട് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും സാഹചര്യം ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സാമ്പത്തിക ഉപരോധങ്ങളും താരിഫുകളും (Tariffs) ആയുധമാക്കി താൻ ഇടപെട്ടതിനാലാണ് ഈ വലിയ യുദ്ധം പെട്ടെന്ന് പരിഹരിക്കാനായതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
താൻ ചരിത്രത്തിൽ മറ്റാരെക്കാളും നൊബേൽ പുരസ്‌കാരത്തിന് അർഹനാണെന്നും താൻ വീമ്പ് പറയുകയല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും ഓരോ നൊബേൽ സമ്മാനം നൽകണമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞത്.
‘‘എട്ട് യുദ്ധവിമാനങ്ങൾ ആകാശത്ത് വെടിവച്ചിട്ട ആ സാഹചര്യം ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഞാൻ വേഗത്തിൽ പരിഹരിച്ചു. ചരിത്രത്തിൽ എന്നെക്കാൾ നൊബേൽ സമ്മാനത്തിന് അർഹനായ മറ്റൊരാളില്ല. ഞാൻ വീമ്പ് പറയുകയല്ല, മറ്റാരും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടില്ല. നിങ്ങൾ തടയുന്ന ഓരോ യുദ്ധത്തിനും നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതാണ്. ആർക്കും നിർത്താൻ കഴിയില്ലെന്ന് കരുതിയ യുദ്ധങ്ങളാണ് ഞാൻ നിർത്തിയത്. എനിക്ക് സമ്മാനങ്ങളിലല്ല കാര്യം, ജീവൻ രക്ഷിക്കുന്നതിലാണ്. കോടിക്കണക്കിന് ആളുകളുടെ ജീവൻ ഞാൻ രക്ഷിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ കുറഞ്ഞത് ഒരു കോടി ആളുകളുടെ ജീവനെങ്കിലും പ്രസിഡന്റ് ട്രംപ് രക്ഷിച്ചു എന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഇവിടെ വന്ന് പരസ്യ പ്രസ്താവന നടത്തിയത്’’. ട്രംപ് പറയുന്നു.
#WATCH | US President Donald Trump says, "… I settled 8 wars… Some of them, which were just getting ready to start, like India and Pakistan, where already 8 jets were shot down… I got it done in rapid order, without nuclear weapons. I can't think of anybody in history who… pic.twitter.com/0GPwYTeyiw
— ANI (@ANI) January 9, 2026
എന്നാൽ, മെയ് മാസത്തിലെ സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ടുള്ള സൈനിക-നയതന്ത്ര ചർച്ചകളിലൂടെയാണ് വെടിനിർത്തൽ ഉണ്ടായതെന്നാണ് ഇന്ത്യയുടെ നിലപാട്.
വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം ട്രംപിന് നൽകാൻ ആഗ്രഹിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചത്.
There is no one more deserving of a Nobel Prize than me,” Trump says














