
വാഷിംഗ്ടൺ: പ്രസിഡൻ്റ് നഷ്ടപ്പെട്ട വെനസ്വേലയിൽ ഉടൻ തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളിൽ വെനിസ്വേല പുതിയ തിരഞ്ഞെടുപ്പുകൾ നടത്തില്ലെന്നും അതിന്റെ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനുശേഷം രാജ്യം ആദ്യം സുസ്ഥിരമാകണമെന്നും അതിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ എന്നും ട്രംപ് പറഞ്ഞു.
“ജനങ്ങൾക്ക് വോട്ട് ചെയ്യാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്താനാകില്ല” എന്ന് അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെനസ്വേലയുടെ ആരോഗ്യം വീണ്ടെടുക്കാൻ സമയം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാഡുറോയെ യുഎസ് സേന പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
വെനസ്വേലയിൽ ഡെൽസി റോഡ്രിഗസ് (Delcy Rodriguez) ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. രാജ്യം ശരിയായ പാതയിലേക്ക് തിരിച്ചുവരുന്നത് വരെ ഒരു സംഘം ആളുകൾ ഭരണത്തിന് മേൽനോട്ടം വഹിക്കുമെന്ന് ട്രംപ് അറിയിച്ചു.
ജനുവരി 3-ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ സൈനിക നടപടിയെത്തുടർന്നുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ വെനസ്വേലയുമായി അമേരിക്ക യുദ്ധത്തിലല്ലെന്നും ട്രംപ് വ്യക്തമാക്കി. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ അമേരിക്കയുടെ ഇടപെടൽ കൂടുതൽ ആഴത്തിലാക്കുമ്പോഴും ഇത് വെനസ്വേലയ്ക്കെതിരെയുള്ള ഒരു യുദ്ധമല്ലെന്നും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള ഒരു “നിയമ നടപടി” മാത്രമാണെന്നും ട്രംപ് വിശദീകരിച്ചു. വെനസ്വേലയുടെ തകർന്ന എണ്ണ അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കാൻ അമേരിക്കൻ കമ്പനികൾ സഹായിക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന ലാഭം വെനസ്വേലൻ ജനതയ്ക്കും അമേരിക്കയ്ക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
“ആദ്യം നമ്മൾ രാജ്യം ശരിയാക്കണം. നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല. ജനങ്ങൾക്ക് വോട്ട് ചെയ്യാൻ പോലും ഒരു വഴിയുമില്ല,” ട്രംപ് പറഞ്ഞു.
“ഇല്ല, അതിന് കുറച്ച് സമയമെടുക്കും. നമുക്ക് സമയം ഉണ്ട് – നമ്മൾ രാജ്യത്തെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരണം,” അദ്ദേഹം കൂട്ടിച്ചേർത്തു. “മയക്കുമരുന്ന് വിൽക്കുന്ന ആളുകളുമായി ഞങ്ങൾ യുദ്ധത്തിലാണ്. നമ്മുടെ രാജ്യത്തേക്ക് ജയിലുകൾ ഒഴിപ്പിക്കുകയും മയക്കുമരുന്നിന് അടിമകളായവരെ ഒഴിപ്പിക്കുകയും അവരുടെ മാനസിക സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്തേക്ക് ഒഴിപ്പിക്കുകയും ചെയ്യുന്ന ആളുകളുമായി ഞങ്ങൾ യുദ്ധത്തിലാണ്.”-ട്രംപിൻ്റെ വാക്കുകൾ.
അതേസമയം, നിക്കോളാസ് മഡുറോയും ഭാര്യയും ന്യൂയോർക്കിലാണുള്ളത്. അവിടെ അദ്ദേഹത്തിനെതിരെ ലഹരിക്കടത്ത് (Narco-terrorism) അടക്കമുള്ള കുറ്റകൃത്യങ്ങൾ ചുമത്തി വിചാരണ നടക്കുകയാണ്.
There will be no elections in Venezuela anytime soon, the country that lost its president must first stabilize, Trump says.













