
വാഷിംഗ്ടൺ: ഇറാൻ്റെ അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ നേതൃത്വം തന്നെ ക്ഷണിച്ചെന്ന വിചിത്ര അവകാശവാദവുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ (NRCC) അത്താഴവിരുന്നിനിടെ സംസാരിക്കവേയാണ് ട്രംപിൻ്റെ ഈ വിവാദ പരാമർശം.
“ഞങ്ങളുടെ അടുത്ത പരമോന്നത നേതാവാകാൻ ഞങ്ങൾ നിങ്ങളെ ആഗ്രഹിക്കുന്നു” എന്ന് ഇറാനിൽ നിന്നുള്ളവർ തന്നോട് ആവശ്യപ്പെട്ടതായാണ് ട്രംപ് പറഞ്ഞത്. എന്നാൽ “വേണ്ട, നന്ദി, എനിക്കത് താൽപ്പര്യമില്ല” എന്ന് താൻ അവർക്ക് മറുപടി നൽകിയെന്നും ട്രംപ് പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
ആയത്തൊള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാൻ വലിയ പ്രതിസന്ധിയിലാണെന്നും രാജ്യം ഇപ്പോൾ ‘മുട്ടിലിഴയുന്ന’ അവസ്ഥയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ രഹസ്യമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അത് പുറത്തുപറയാൻ അവർക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. അലി ഖമേനിയുടെ മകൻ മൊജ്താബ ഖമേനിയെ അടുത്ത നേതാവാക്കുന്നതിനെതിരെയും ട്രംപ് പ്രസംഗത്തിൽ സംസാരിച്ചു.
അതേസമയം, ട്രംപിൻ്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇറാൻ, അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് വ്യക്തമാക്കി. ട്രംപിൻ്റെ പതിവ് രാഷ്ട്രീയ അതിശയോക്തിയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ പ്രസ്താവനയെ കാണുന്നത്.
അതിനിടെ, അമേരിക്ക മുന്നോട്ടുവെച്ച 15 ഇന വെടിനിർത്തൽ ഉപാധികൾ ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞത് നിലവിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. തങ്ങളുടെ ആണവ പദ്ധതികൾ ഉപേക്ഷിക്കണമെന്നും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം മാറ്റണമെന്നുമുള്ള യുഎസ് നിർദ്ദേശങ്ങൾ ‘യുക്തിരഹിതമാണെന്ന്’ ഇറാൻ വ്യക്തമാക്കി. യുഎസിൻ്റെ ആവശ്യങ്ങൾ പാടെ നിഷേധിച്ച ഇറാൻ, യുദ്ധനഷ്ടപരിഹാരം ഉൾപ്പെടെയുള്ള സ്വന്തം നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ വെടിനിർത്തലിന് തയ്യാറാവൂ എന്ന കർശന നിലപാടിലാണ്. ചർച്ചകൾക്ക് ഇറാൻ രഹസ്യമായി ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ഇറാൻ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് മേഖലയിൽ അനിശ്ചിതത്വം തുടരാൻ കാരണമാകുന്നു.
They invited me to be the supreme leader of Iran, I turned it down’; Trump makes bizarre claim















