സി ജെ റോയിക്ക് കണ്ണീരോടെ വിട; ബെംഗളൂരുവിൽ അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ, നൊമ്പരമായി സംസ്കാരം

ആദായനികുതി വകുപ്പിന്റെ നടപടിക്കിടെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ ഭൗതികദേഹം ബെംഗളൂരുവിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വസതിയായ ‘നേച്ചേഴ്സ് ലക്ഷ്വറി’യിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. സിനിമാ-വ്യവസായ രംഗത്തെ പ്രമുഖരും നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെയാണ് റോയിക്ക് യാത്രാമൊഴി നൽകിയത്. വൈകിട്ട് നാലരയോടെ അദ്ദേഹത്തിന്റെ വസതിയിൽ തന്നെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

ആദായനികുതി ഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലും സമ്മർദ്ദവുമാണ് സി.ജെ. റോയിയെ മരണത്തിലേക്ക് നയിച്ചതെന്ന ഗൗരവകരമായ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഡിസംബർ മുതൽ നടന്ന പരിശോധനകൾക്ക് പിന്നാലെ ജനുവരി 30-ന് വീണ്ടും ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് അദ്ദേഹം സ്വയം വെടിയുതിർത്തത്. മരണത്തിന് മുൻപായി സഹോദരന് അയച്ച ‘ടൂ മച്ച് ട്രബിൾ’ എന്ന സന്ദേശം ഉദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക സമ്മർദ്ദത്തിന്റെ തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ കർണാടക സിഐഡി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വെസ്റ്റ് സോൺ ജോയിന്റ് കമ്മീഷണർ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറെ ഉൾപ്പെടെ ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാൽ പരിശോധനയിൽ ക്രമവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ലെന്നും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നുമുള്ള നിലപാടിലാണ് ഐടി ഉദ്യോഗസ്ഥർ. ഐടി ഉദ്യോഗസ്ഥരെ കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

More Stories from this section

family-dental
witywide