ഹൂതി ആക്രമണ ഭീഷണി: ‘മരുഭൂമിയിലെ ദാവോസ്’ നിക്ഷേപക സംഗമം സൗദി അറേബ്യ മാറ്റിവെച്ചു

റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും കനക്കുന്നതിനിടെ, സൗദി അറേബ്യയുടെ ആഗോള നിക്ഷേപക സംഗമമായ ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ മാറ്റിവെച്ചു. ഒക്ടോബർ 26 മുതൽ 29 വരെ റിയാദിൽ നടക്കേണ്ടിയിരുന്ന സമ്മേളനമാണ് സുരക്ഷാ കാരണങ്ങളാൽ 2027-ലേക്ക് നീട്ടിയത്. ‘മരുഭൂമിയിലെ ദാവോസ്’ എന്ന് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഈ ഉന്നതതല സമ്മേളനം മാറ്റിവെച്ചത് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനൊരുങ്ങുന്ന സൗദിക്ക് വലിയ തിരിച്ചടിയാണ്.

സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ ആരാംകോയുടെ യാൻബുവിലെ കേന്ദ്രം, ഷെയ്ബ എണ്ണപ്പാടം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ വിമാനത്താവളം എന്നിവയ്ക്ക് നേരെ പുതിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. എന്നാൽ ആക്രമണ വാർത്തകൾ സൗദി ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ആദ്യമുണ്ടായ ഹൂതി ആക്രമണങ്ങളിൽ ഇന്ത്യൻ പൌരനുൾപ്പെടെ 18 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സംഘർഷം ഗൾഫ് മേഖലയിലുടനീളം വ്യാപിച്ചതോടെ പ്രമുഖ ആഗോള ബാങ്കുകളും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നതിലുള്ള സുരക്ഷാ ആശങ്കകൾ സൗദി അധികൃതരെ അറിയിച്ചിരുന്നു. ഗോൾഡ്മാൻ സാക്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, സിറ്റി ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ സിഇഒമാരാണ് സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.

സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ, ആഗോള സമൂഹം പ്രതീക്ഷിക്കുന്ന ഗുണനിലവാരത്തോടെ പരിപാടി നടത്താനാണ് സമ്മേളനം അടുത്ത വർഷത്തേക്ക് മാറ്റുന്നതെന്ന് സംഘാടകർ അറിയിച്ചു. പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കും. യുദ്ധ പശ്ചാത്തലത്തിൽ യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെയും നിരവധി ബിസിനസ്സ് കോൺഫറൻസുകൾ നേരത്തെ മാറ്റിവെച്ചിരുന്നു.

Threat of Houthi attacks: Saudi Arabia postpones ‘Davos in the Desert’ investor summit

More Stories from this section

family-dental
witywide