
വാഷിംഗ്ടൺ: യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാരെയും വിട്ടയച്ചു. ഇവരെ വിട്ടയച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
വെനസ്വേലയ്‌ക്കെതിരായ യുഎസ് ഉപരോധം ലംഘിച്ച് എണ്ണ കടത്തിയെന്നാരോപിച്ച് ജനുവരി 7-നാണ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് യുഎസ് കോസ്റ്റ് ഗാർഡ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ ആകെ 28 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ 3 ഇന്ത്യക്കാരെ കൂടാതെ യുക്രെയ്ൻ (17), ജോർജിയ (6), റഷ്യ (2) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിരുന്നു.
കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ജീവനക്കാരെ യുഎസ് തടഞ്ഞുവെച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളെത്തുടർന്നാണ് ഇന്ത്യൻ പൗരന്മാരെ വിട്ടയച്ചത്. ഇതിന് മുന്നോടിയായി റഷ്യൻ ജീവനക്കാരെയും യുഎസ് വിട്ടയച്ചിരുന്നു.
നേരത്തെ ‘ബെല്ല 1’ എന്നറിയപ്പെട്ടിരുന്ന ഈ കപ്പൽ, വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റിന്റെ’ ഭാഗമാണെന്ന് യുഎസ് ആരോപിക്കുന്നു.
Three Indian crew members on board oil tanker seized by US released














