ഹോർമുസ് കടലിടുക്ക് തുറന്നെന്ന ട്രംപിന്റെ അവകാശവാദം പച്ചക്കള്ളമെന്ന് ഇറാൻ; മൂന്ന് വിദേശ കപ്പലുകളെ തിരിച്ചയച്ചു, സംഘർഷം മുറുകുന്നു

ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ. തന്ത്രപ്രധാനമായ ഈ ജലപാത വഴി കടന്നുപോകാൻ ശ്രമിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് കപ്പലുകളെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് നേവി വെള്ളിയാഴ്ച രാവിലെ തിരിച്ചയച്ചു. കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന ട്രംപിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു.

ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായി തങ്ങൾക്ക് ലഭിച്ച ‘സമ്മാനം’ ഹോർമുസ് കടലിടുക്ക് വഴി വിജയകരമായി കടന്നുപോയ പത്ത് എണ്ണക്കപ്പലുകളാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒരു കപ്പലിനെ പോലും കടത്തിവിട്ടിട്ടില്ലെന്നും ഈ പാത ഇപ്പോഴും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണെന്നുമാണ് ഇറാന്റെ നിലപാട്. കടലിടുക്ക് വഴി ആരെങ്കിലും പ്രവേശിക്കാൻ ശ്രമിച്ചാൽ കർശനമായി നേരിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെയോ ഇസ്രായേലിന്റെയോ സഖ്യകക്ഷികളായ രാജ്യങ്ങളുടെ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. ലക്ഷ്യസ്ഥാനം എവിടെയായാലും ഈ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് നിരോധനം ബാധകമാണ്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ സിരയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള ഈ തർക്കം ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക പടർത്തിയിരിക്കുകയാണ്.

More Stories from this section

family-dental
witywide