അലാബാമ വരച്ച വരയിൽ ടിക്ടോക്! 100 ദശലക്ഷം ഡോളർ പിഴയൊടുക്കും, പ്ലാറ്റ്‌ഫോമിൽ നിരവധി മാറ്റങ്ങൾ വരുത്താനും സമ്മതിച്ചു; രാത്രീ ഉപയോഗത്തിനടക്കം നിയന്ത്രണം

അലബാമ: കോടതി വിചാരണയ്ക്ക് തൊട്ടുമുമ്പ് ഉണ്ടായ ഒത്തുതീർപ്പ് ധാരണപ്രകാരം, അലാബാമ സംസ്ഥാനത്തിന് കുറഞ്ഞത് 100 ദശലക്ഷം ഡോളർ നൽകാനും കൗമാരക്കാരായ ഉപയോക്താക്കൾക്കായി കർശനമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാനും ടിക്ടോക് സമ്മതിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യത്തെ പ്ലാറ്റ്‌ഫോം പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ച് 2025-ലാണ് അലാബാമ സർക്കാർ സമൂഹമാധ്യമ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി പ്രത്യേക ഉള്ളടക്കങ്ങൾ ക്യൂറേറ്റ് ചെയ്യുന്ന ടിക്ടോകിന്റെ അൽഗോരിതം കുട്ടികൾക്ക് ഹാനികരമാണെന്നും കമ്പനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും വ്യവഹാരത്തിൽ വാദിച്ചിരുന്നു.

അലാബാമയ്ക്ക് കുറഞ്ഞത് 100 ദശലക്ഷം ഡോളർ ലഭിക്കുമെന്നും, ചില നിബന്ധനകൾ പാലിക്കപ്പെടുകയാണെങ്കിൽ ഈ തുക 300 ദശലക്ഷം ഡോളർ വരെയായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അലാബാമ അറ്റോർണി ജനറലിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ഒത്തുതീർപ്പിന്റെ ഭാഗമായി അലാബാമയിലെ കൗമാരക്കാരായ ഉപയോക്താക്കൾക്കായി ടിക്ടോക് പ്ലാറ്റ്‌ഫോമിൽ നിരവധി മാറ്റങ്ങൾ വരുത്തും. ഇതിന്റെ ഭാഗമായി കൗമാരക്കാർക്ക് വ്യക്തിഗതമല്ലാത്ത ഉള്ളടക്ക ഫീഡ് (non-personalized content feed) തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമാക്കും.

കൂടാതെ, കൗമാരക്കാർക്കായി കോസ്മെറ്റിക് പ്രൊസീജർ ഫിൽട്ടറുകൾ പ്ലാറ്റ്‌ഫോമിൽ നിരോധിക്കും. ദിവസേനയുള്ള ഉപയോഗത്തിന് രണ്ട് മണിക്കൂർ സമയപരിധി ഏർപ്പെടുത്തുന്നതോടൊപ്പം രാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ ആപ്പ് ഉപയോഗിക്കുന്നതും തടയും. അലാബാമയിലെ യുവ ഉപയോക്താക്കൾ തുടർച്ചയായി 15 മിനിറ്റ് ആപ്പ് ഉപയോഗിച്ചുകഴിഞ്ഞാൽ ഒരു ‘പ്രൊഡക്റ്റീവ് പോസ്’ എടുക്കാൻ നിർദ്ദേശം നൽകും. ഇത് 60, 90 മിനിറ്റുകൾ കഴിയുമ്പോഴും ആവർത്തിക്കും.

അലാബാമയിലെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ദിവസമാണെന്ന് അറ്റോർണി ജനറൽ സ്റ്റീവ് മാർഷ്യൽ പ്രസ്താവനയിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ ആസക്തിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള യഥാർത്ഥ സുരക്ഷാ മുൻകരുതലുകൾ നിലവിൽ വന്നിട്ടുണ്ടെന്ന അറിവോടെ മാതാപിതാക്കൾക്ക് ഇന്ന് മുതൽ സമാധാനത്തോടെ ഉറങ്ങാം. കുട്ടികൾ എന്താണ് കാണുന്നത് എന്നതിലും ആപ്പിൽ എത്ര സമയം ചെലവഴിക്കുന്നു എന്നതിലും മാതാപിതാക്കൾക്ക് യഥാർത്ഥ നിയന്ത്രണം നൽകാൻ ടിക്ടോക് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലാബാമയിലെ ജനങ്ങൾ ചൂഷണത്തിന് ഇരയാകുമ്പോൾ അവർക്കുവേണ്ടി നിലകൊള്ളുക എന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലാറ്റ്‌ഫോമിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പുറമെ, നഷ്ടപരിഹാരമായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി ടിക്ടോക് അലാബാമയ്ക്ക് 100 ദശലക്ഷം ഡോളർ നൽകും. ഈ തുക യുവജനങ്ങളുടെ മാനസികാരോഗ്യ സേവനങ്ങൾക്കും മറ്റ് പദ്ധതികൾക്കും ഫണ്ട് ചെയ്യുന്നതിനായി ഉപയോഗിക്കും. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മറ്റ് സംസ്ഥാനങ്ങളും ടിക്ടോക്കുമായി സമാനമായ ഒത്തുതീർപ്പുകളിൽ എത്തിച്ചേരുകയാണെങ്കിൽ, അലാബാമയ്ക്ക് അധികമായി 183.8 ദശലക്ഷം ഡോളർ കൂടി ലഭിക്കാൻ സാധ്യതയുണ്ട്.

ഒത്തുതീർപ്പ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാറ്റങ്ങൾ, അലാബാമ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ചേർന്ന് ഈ വേനൽക്കാലത്ത് മെറ്റയുമായി (Meta) ഉണ്ടാക്കിയ ഒത്തുതീർപ്പിന് സമാനമാണ്. സമാനമായ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിൽ തങ്ങളോടൊപ്പം ചേരാൻ മെറ്റ ടിക്ടോകിനോടും മറ്റൊരു പ്രധാന എതിരാളിയായ യൂട്യൂബിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ടിക്ടോക് പരസ്യമായി പ്രതികരിച്ചിരുന്നില്ല.

കുട്ടിക്കാലത്തിന് മേൽ വിവിധ കോണുകളിൽ നിന്ന് വലിയ തോതിലുള്ള ആക്രമണമാണ് നടക്കുന്നതെന്ന് അലാബാമ അറ്റോർണി ജനറൽ ഓഫീസിലെ ചീഫ് കൗൺസിലും അടുത്ത അറ്റോർണി ജനറൽ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ കാതറിൻ റോബർട്ട്സൺ പറഞ്ഞു. മാതാപിതാക്കളും യുവജനങ്ങളും വിവിധ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് പോരാടികൊണ്ടിരിക്കുന്നതെന്ന് തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും, തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കുട്ടികളെ അടിമകളാക്കാൻ അവർ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide