
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സ്വകാര്യ വസതിയായ മാർ-എ-ലാഗോയിൽ നിന്നും സർക്കാരിൻ്റെ അതീവ രഹസ്യ രേഖകൾ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പങ്കെടുത്ത 10 എഫ്ബിഐ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്.
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി ഉണ്ടായതെന്നാണ് വിവരം. നിലവിലെ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവരുടെ സ്വകാര്യ ഫോൺ രേഖകൾ മുൻപ് ഏജൻസി പരിശോധിച്ചിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ പിരിച്ചുവിടൽ നടന്നത്. പുറത്താക്കപ്പെട്ടവരിൽ അന്വേഷണ ഏജന്റുമാരും സൂപ്പർവൈസർമാരും ഉൾപ്പെടുന്നു. 2022-ൽ മാർ-എ-ലാഗോയിൽ നടന്ന പരിശോധനയുമായി ബന്ധപ്പെട്ടവരാണ് ഇവരിലധികവും. ട്രംപ് ഭരണകൂടത്തിന് കീഴിൽ എഫ്ബിഐയിൽ നടക്കുന്ന ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഡോണൾഡ് ട്രംപ് തൻ്റെ പ്രസിഡൻ്റ് കാലാവധിക്ക് ശേഷം ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയുമായി ബന്ധപ്പെട്ടതാണ് മാർ-എ-ലാഗോ രേഖകളുടെ കേസ്. 2021-ൽ വൈറ്റ് ഹൗസ് വിട്ടപ്പോൾ ട്രംപ് അതീവ രഹസ്യസ്വഭാവമുള്ള നിരവധി സർക്കാർ രേഖകൾ ഫ്ലോറിഡയിലെ തൻ്റെ സ്വകാര്യ വസതിയായ മാർ-എ-ലാഗോയിലേക്ക് കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. രേഖകൾ തിരികെ നൽകാനുള്ള നാഷണൽ ആർക്കൈവ്‌സിന്റെ നിർദ്ദേശം ട്രംപ് പൂർണ്ണമായും പാലിച്ചില്ല. തുടർന്ന് 2022 ഓഗസ്റ്റിൽ എഫ്ബിഐ മാർ-എ-ലാഗോയിൽ നടത്തിയ പരിശോധനയിൽ നൂറിലധികം രഹസ്യ രേഖകൾ ഉൾപ്പെടെ ആയിരക്കണക്കിന് സർക്കാർ ഫയലുകൾ കണ്ടെടുത്തു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തു, അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചു, രേഖകൾ ഒളിപ്പിച്ചു എന്നിവയായിരുന്നു ട്രംപിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ. 2023-ൽ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിൻ്റെ നേതൃത്വത്തിൽ ട്രംപിനെതിരെ 37 ഫെഡറൽ കുറ്റപത്രങ്ങൾ ചുമത്തി.
എന്നാൽ 2024 ജൂലൈയിൽ ജഡ്ജി എലീൻ കാനൻ ഈ കേസ് തള്ളി. സ്പെഷ്യൽ കൗൺസലായ ജാക്ക് സ്മിത്തിൻ്റെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്. 2024-ലെ തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, സ്പെഷ്യൽ കൗൺസൽ ഈ കേസിലെ അപ്പീലുകൾ പിൻവലിക്കുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
Top secret documents seized from Trump’s Mar-a-Lago: 10 FBI officers involved in investigation reportedly fired












