
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര കരാർ കൃത്യമായ രീതിയിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യയുമായുള്ള ബന്ധം “അതിശയകരം” ആണെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. ഇടക്കാല കരാറിൻ്റെ ഭാഗമായി നിശ്ചയിച്ച 18 ശതമാനം തീരുവ ഇന്ത്യ തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തീരുവകൾ സംബന്ധിച്ച യുഎസ് സുപ്രീം കോടതി വിധിയോട് ട്രംപ് ഭരണകൂടം എങ്ങനെ പ്രതികരിക്കുമെന്ന് ഇന്ത്യൻ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇടക്കാല വ്യാപാര കരാറിൽ ഇതുവരെ ഒപ്പുവെക്കാത്ത സാഹചര്യത്തിൽ, ചർച്ചകൾക്ക് ഇനിയും പഴുതുകളുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഭൂരിഭാഗം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നികുതി കുറയ്ക്കാൻ ഇടക്കാല കരാറിൻ്റെ ഭാഗമായി ഇന്ത്യ സമ്മതിച്ചിരുന്നു. ഇതിന് പകരമായി യുഎസ് അവരുടെ ഇറക്കുമതി നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് വ്യാപാര കരാർ ധാരണകളിലുള്ളത്. എന്നാൽ ഇരുമ്പ്, ഉരുക്ക്, ചെമ്പ്, അലുമിനിയം, വാഹന ഭാഗങ്ങൾ തുടങ്ങിയ മേഖലകളിൽ 50 ശതമാനം നികുതി തുടരും. സുപ്രീം കോടതി വിധിയുടെ ആഘാതം വിലയിരുത്താൻ സമയമായിട്ടില്ലെന്ന് അറിയിച്ച യുഎസ് സർക്കാർ, വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
“ഇന്ത്യ കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല, അതിനാൽ ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടാകാം. എന്നാൽ കോടതി വിധിയോട് യുഎസ് സർക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് ഞങ്ങൾ കാത്തിരുന്ന് കാണും,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കരാറിൻ്റെ നിയമപരമായ രേഖകൾക്ക് അന്തിമരൂപം നൽകാനായി ചീഫ് നെഗോഷ്യേറ്റർ ദർപൻ ജെയിൻ്റെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണിലേക്ക് പോകും. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അടുത്ത മാസം കരാറിൽ ഒപ്പിടാനായി ഡൽഹിയിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഏപ്രിലിൽ കരാർ നിലവിൽ വരുമെന്നാണ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ പറഞ്ഞിരുന്നത്.
അതേസമയം, മലേഷ്യ, അർജന്റീന, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച ഇന്തോനേഷ്യയും യുഎസുമായി വ്യാപാര കരാറിൽ ഒപ്പിട്ടു. എന്നാൽ യുഎസ് കോൺഗ്രസ് ഇടപെടാൻ സാധ്യതയുള്ളതിനാൽ ഈ കരാറുകളുടെ സാധുത ചോദ്യം ചെയ്യപ്പെടുമെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
കഴിഞ്ഞ വർഷം അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ ട്രംപിൻ്റെ പ്രധാന നയങ്ങളിലൊന്ന് ഉയർന്ന നികുതികളായതിനാൽ കേന്ദ്രസർക്കാർ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
പ്രസിഡൻ്റിന് ലോകരാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി ഉയർന്ന തീരുവ ചുമത്താൻ അധികരമില്ലെന്ന് വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ വിധിക്കു പിന്നാലെ 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരം 10% അധിക നികുതി എല്ലാ രാജ്യങ്ങൾക്കും ചുമത്താൻ ട്രംപ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സെക്ഷൻ 301 പ്രകാരം വിദേശ രാജ്യങ്ങളിലെ വ്യാപാര രീതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കയറ്റുമതിയുടെ അഞ്ചിലൊന്നും അമേരിക്കയിലേക്കാണെന്നത് ഈ നീക്കങ്ങളെ ഇന്ത്യയ്ക്ക് നിർണ്ണായകമാക്കുന്നുണ്ട്.
Trade deal moving in right direction, relationship with India ‘fantastic’, says Trump















