യുകെ ബെഡ്‌ഫോർഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു: ഒരു മരണം; അതീവ ഗുരുതരാവസ്ഥയിൽ 33 യാത്രക്കാർ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൊലീസ്

ലണ്ടൻ: യുകെയിലെ ബെഡ്‌ഫോർഡ് മേഖലയിലുണ്ടായ രണ്ട് ട്രെയിനുകളുടെ ശക്തമായ കൂട്ടിയിടിയിൽ ഒരു ട്രെയിൻ ഡ്രൈവർ മരിക്കുകയും 89 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 33 പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രാദേശിക സമയം, വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെ ലണ്ടനിലെ സെൻ്റ് പാൻക്രാസിലേക്ക് പോവുകയായിരുന്ന ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. കോർബിയിൽ നിന്നുള്ള ട്രെയിനും നോട്ടിംഗ്ഹാമിൽ നിന്നുള്ള ട്രെയിനുമാണ് കൂട്ടിയിടിച്ചത്.

ഒരു ബോംബ് സ്ഫോടനത്തിന് സമാനമായ ആഘാതമാണ് ഉണ്ടായതെന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിലെ സീറ്റുകൾ ഇളകി മാറുകയും, യാത്രക്കാർ തെറിച്ചുവീഴുകയും ചെയ്തു. ബോഗികൾക്കുള്ളിൽ പുക നിറഞ്ഞതായും, മുഖത്തും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പല യാത്രക്കാരുമെന്ന് ദൃക്‌സാക്ഷികൾ വിവരിച്ചു.

റോഡ് മാർഗ്ഗമുള്ള ആംബുലൻസുകൾക്ക് പുറമെ എയർ ആംബുലൻസുകളും എത്തിച്ചാണ് പരിക്കേറ്റവരെ അതിവേഗം ആശുപത്രികളിൽ എത്തിച്ചത്. 11 പേർക്ക് അതീവ ഗുരുതരമായ പരിക്കുകളും, 22 പേർക്ക് ഗുരുതരമായ പരിക്കുകളുമുണ്ട്. 56 പേരുടെ പരിക്ക് നിസ്സാരമാണ്. അപകടത്തിൽ മരിച്ച ഡ്രൈവർ റെയിൽവേ യൂണിയൻ്റെ മുൻ പ്രതിനിധിയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എഡ്ഡി ഡെംപ്‌സി അറിയിച്ചു.

അപകടത്തെ തുടർന്ന് ലണ്ടൻ സെന്റ് പാൻക്രാസിലേക്കുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു. ശനിയാഴ്ച രാത്രി വരെ ഈ റൂട്ടിൽ തടസ്സങ്ങൾ ഉണ്ടാകുമെന്നും, യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. നിലവിലുള്ള ടിക്കറ്റുകൾ ഉപയോഗിച്ച് മറ്റ് റൂട്ടുകളിലെ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബെഡ്‌ഫോർഡിന് തെക്കുള്ള എൽസ്റ്റോയ്ക്ക് സമീപമാണ് അപകടം നടന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ റെയിൽവേ ശൃംഖലകളിലൊന്നായ യുകെയിൽ ഇത്തരമൊരു അപകടം ഉണ്ടായത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് യുകെ ഗതാഗത മന്ത്രി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ റെയിൽവേ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trains collide in Bedford, UK: One dead; 33 passengers in critical condition, police declare state of emergency

More Stories from this section

family-dental
witywide