
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിടുമെന്ന അമേരിക്കയുടെ ഭീഷണിയെത്തുടർന്നാണ് ട്രഷറി സെക്രട്ടറിയുടെ ഈ പ്രതികരണം. എൻബിസിയുടെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കവെ, ഇറാനുമായുള്ള വിഷയത്തിൽ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ എണ്ണ വിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ബോംബാക്രമണം വൻ വിജയമായിരുന്നുവെന്ന് ബെസെന്റ് ചൂണ്ടിക്കാട്ടി. ദ്വീപിൽ ഇനി എന്ത് സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 112 ഡോളറിന് മുകളിലെത്തിയപ്പോൾ, യുഎസ് ക്രൂഡ് ഓയിൽ വില 98.32 ഡോളറായി ഉയർന്നു. എണ്ണവിലയിലെ ഈ വർധനവ് 2027 വരെ തുടർന്നേക്കാമെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തൽ.
യുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ചോദ്യത്തിന്, മിഡിൽ ഈസ്റ്റിൽ 50 വർഷത്തെ സമാധാനം ലഭിക്കുമെങ്കിൽ 50 ദിവസത്തെ താൽക്കാലിക വിലക്കയറ്റം സഹിക്കാൻ അമേരിക്കൻ ജനത തയ്യാറാകുമെന്നായിരുന്നു ബെസെന്റിന്റെ മറുപടി. എന്നാൽ ഈ ’50 ദിവസങ്ങൾ’ ഒരു ഉദാഹരണം മാത്രമാണെന്നും വില എപ്പോൾ കുറയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധങ്ങൾ നീക്കിയതിലൂടെ ഇറാന് ലഭിക്കുന്ന എണ്ണ വരുമാനത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ അദ്ദേഹം, ഇറാന്റെ എണ്ണയെ അവർക്കെതിരെ തന്നെ ആയുധമാക്കുന്ന ‘ജിയു-ജിത്സു’ തന്ത്രമാണ് അമേരിക്ക പയറ്റുന്നതെന്നും പരിഹസിച്ചു.















