
വാഷിംഗ്ടൺ: മിനസോട്ടയിലെ മെഡിക്കെയ്ഡ് പദ്ധതികളിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം 25.9 കോടി ഡോളർ ഫണ്ട് തടഞ്ഞുവെച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസാണ് ബുധനാഴ്ച ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. മിനസോട്ട ഗവർണർ ടിം വാൾസിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഭരണകൂടത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മിനസോട്ടയിലെ സാമൂഹിക സേവന പദ്ധതികളിൽ ഏകദേശം 900 കോടി ഡോളർ വരെ നഷ്ടപ്പെട്ടതായാണ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ പ്രാഥമിക കണക്ക്.
ഇതിൽ ഭൂരിഭാഗവും കുട്ടികളുടെ ഭക്ഷണ പദ്ധതികളിലും ഹോം കെയർ സേവനങ്ങളിലും നടന്ന ക്രമക്കേടുകളാണ്.
“അമേരിക്കൻ നികുതിദായകരുടെ പണം തട്ടിപ്പുകാർ കൈക്കലാക്കുന്നത് അനുവദിക്കാനാവില്ല. സംസ്ഥാന സർക്കാർ ഈ തട്ടിപ്പ് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുന്നതുവരെ ഫെഡറൽ സഹായം പുനരാരംഭിക്കില്ല,” എന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി. തട്ടിപ്പുകൾ തടയാനുള്ള സമഗ്രമായ ഒരു കർമ്മപദ്ധതി സമർപ്പിക്കാൻ മിനസോട്ട സർക്കാരിന് കേന്ദ്രം 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഇല്ലെങ്കിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ഏകദേശം 100 കോടി ഡോളറോളം ഫണ്ട് തടഞ്ഞുവെക്കുമെന്ന് സിഎംഎസ് തലവൻ ഡോ. മെഹ്‌മെത് ഓസ് മുന്നറിയിപ്പ് നൽകി. മിനസോട്ടയ്ക്ക് പിന്നാലെ കാലിഫോർണിയ ഉൾപ്പെടെയുള്ള മറ്റ് ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലും സമാനമായ പരിശോധനകൾ നടക്കുമെന്ന് ഭരണകൂടം സൂചിപ്പിച്ചു. കൂടാതെ, കൃത്രിമ അവയവങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിന് ആറ് മാസത്തെ ദേശീയ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗവർണർ ടിം വാൾസ് ഈ നടപടിയെ ശക്തമായി അപലപിച്ചു. ഇതൊരു രാഷ്ട്രീയ പകപോക്കലാണെന്ന് അദ്ദേഹം ആരോപിച്ചു. “തട്ടിപ്പ് തടയുക എന്നതിനേക്കാൾ മിനസോട്ട പോലുള്ള ‘ബ്ലൂ സ്റ്റേറ്റുകളെ’ ശിക്ഷിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഈ തീരുമാനം വിമുക്തഭടന്മാരെയും ഭിന്നശേഷിക്കാരെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ നിയമപരമായ പോരാട്ടം നടത്തുമെന്നും മിനസോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തിന്റെ കൈവശമുള്ള അടിയന്തര ഫണ്ട് ഉപയോഗിച്ച് സേവനങ്ങൾ തുടരാനാണ് തീരുമാനം.















