
വാഷിംഗ്ടൺ: ട്രാൻസ്‌ജെൻഡർ തടവുകാർക്കുള്ള വൈദ്യശാസ്ത്രപരമായ ഇടപെടലുകളും സാമൂഹിക ആനുകൂല്യങ്ങളും അവസാനിപ്പിച്ചുകൊണ്ടുള്ള ഫെഡറൽ പ്രിസൺസ് ബ്യൂറോയുടെ പുതിയ നയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നൽകിയ അടിയന്തര അപ്പീലിനെത്തുടർന്നാണ് ഈ നീക്കം. ലിംഗഡിസ്ഫോറിയ ബാധിച്ചതോ ബാധിക്കാവുന്നതോ ആയ തടവുകാർക്കെതിരെ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പ്രഡസൺസ് ബ്യൂറോയെ തടഞ്ഞുകൊണ്ട് കഴിഞ്ഞ മാസം ഫെഡറൽ ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
നയത്തിനെതിരെയുള്ള ഹർജി പരിഗണിക്കുന്ന യു.എസ് ജില്ലാ ജഡ്ജി റോയ്സ് ലാംബെർത്ത്, ട്രാൻസ്‌ജെൻഡർ തടവുകാർക്ക് ആവശ്യമായ വൈദ്യസഹായം തുടർന്നും നൽകണമെന്ന് ട്രംപ് ഭരണകൂടത്തിന് ഉത്തരവ് നൽകിയിരുന്നു. ട്രംപ് തന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ ഫെഡറൽ പ്രിസൺസ് ബ്യൂറോയ്ക്ക് കീഴിലുള്ള ട്രാൻസ്‌ജെൻഡർ തടവുകാർക്കായി വൈദ്യശാസ്ത്രപരമായ നടപടിക്രമങ്ങൾക്കോ ചികിത്സകൾക്കോ ഫെഡറൽ ഫണ്ട് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അത്തരം തടവുകാർക്ക് വസ്ത്രങ്ങളിൽ ഇളവുകൾ നൽകുന്നതും ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള ചികിത്സകളും നിരോധിച്ചുകൊണ്ട് പ്രിസൺസ് ബ്യൂറോ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
തുടർന്ന് ഫെബ്രുവരിയിൽ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ നിന്ന് സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രിസൺസ് ബ്യൂറോ മറ്റൊരു പുതിയ നയം കൂടി പ്രഖ്യാപിച്ചു. ഈ പുതിയ നിയമപ്രകാരം, ലിംഗഡിസ്ഫോറിയ ബാധിച്ച തടവുകാർക്കുള്ള മാനസികാരോഗ്യ സേവനങ്ങൾ തുടരുമെങ്കിലും ശസ്ത്രക്രിയകൾ, ഹോർമോൺ തെറാപ്പികൾ, അല്ലെങ്കിൽ വിഗ്ഗുകൾ, ബ്രെസ്റ്റ് പാഡിംഗുകൾ പോലുള്ള സാമൂഹിക ആനുകൂല്യങ്ങൾ എന്നിവ നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പുതിയ നിയമങ്ങൾ തടഞ്ഞുകൊണ്ട് ജൂണിൽ ഉത്തരവിട്ട ജഡ്ജി ലാംബെർത്ത്, ട്രാൻസ്‌ജെൻഡർ തടവുകാർക്ക് തുടർന്നും വൈദ്യചികിത്സ നൽകാൻ പ്രിസൺസ് ബ്യൂറോയോട് ആവശ്യപ്പെട്ടു. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കുന്നതിനാണ് ഭരണകൂടം ഈ പുതിയ നയം രൂപീകരിച്ചതെന്നും അദ്ദേഹം ഭാഗികമായി നിരീക്ഷിച്ചു. തുടർന്ന് ഈ നയം നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മാസവും അദ്ദേഹം നീട്ടിയിരുന്നു. ഇതിനെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അപ്പീൽ നൽകിയെങ്കിലും, തുടർനടപടികൾ നടക്കുന്നതിനിടയിൽ നയം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഈ മാസം ആദ്യം ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട് അപ്പീൽ കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയിൽ നൽകിയ അടിയന്തര ഹർജിയിൽ, ഏജൻസിയുടെ നയപരമായ തീരുമാനങ്ങൾക്ക് പകരം ജില്ലാ കോടതി സ്വന്തം അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി. ട്രാൻസ്‌ജെൻഡർ തടവുകാർക്കുള്ള ചികിത്സാ നയം സ്ഥാപനത്തിന്റെ സുരക്ഷ നിലനിർത്താൻ അത്യാവശ്യമാണെന്ന് പ്രിസൺസ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ടെന്നും, ജില്ലാ കോടതിയുടെ വിധി ആ തീരുമാനത്തെ അസാധുവാക്കുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ ഡി. ജോൺ സൗവർ മുന്നറിയിപ്പ് നൽകി. ഭരണകൂടം തിരഞ്ഞെടുത്ത നയം നടപ്പിലാക്കുന്നതിൽ നിന്ന് കീഴ്ക്കോടതിയുടെ ഉത്തരവ് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.














