
വാഷിംഗ്ടൺ: കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്കല്ലാതെ മറ്റു വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതിനായി ട്രംപ് ഭരണകൂടം കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതായി സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ റിപ്പോർട്ട്. ചില പ്രത്യേക കേസുകളിൽ ഒരാളെ നാടുകടത്താൻ മാത്രം ഒരു മില്യൺ ഡോളറിൽ അധികം (ഏകദേശം 8.5 കോടി രൂപ) സർക്കാർ ചിലവാക്കിയതായി ഡെമോക്രാറ്റിക് സെനറ്റർ ജീൻ ഷഹീൻ നേതൃത്വം നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. കുറഞ്ഞ എണ്ണം ആളുകളെ നാടുകടത്തുന്നതിനായി ‘തേർഡ് കൺട്രി’ (മൂന്നാം രാജ്യം) കരാറുകൾ വഴി 30 മില്യൺ ഡോളറിലധികം ഇതുവരെ ഭരണകൂടം ചിലവഴിച്ചു.
ചില കുടിയേറ്റക്കാരെ ആദ്യം ഒരു മൂന്നാം രാജ്യത്തേക്ക് അയക്കാൻ പണം നൽകുകയും, പിന്നീട് അവിടെ നിന്ന് അവരുടെ സ്വന്തം രാജ്യത്തേക്ക് തിരികെ എത്തിക്കാൻ വീണ്ടും പണം നൽകുകയും ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വളരെ കുറച്ച് ആളുകളെ മാറ്റുന്നതിനായി ഇത്ര വലിയ തുക ചിലവാക്കുന്നത് നികുതിപ്പണത്തിന്റെ ദുർവിനിയോഗമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഈ കരാറുകളുടെ വിശദാംശങ്ങൾ സർക്കാർ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
അമേരിക്കയിൽ അഭയം തേടിയെത്തുന്നവരെ നിരുത്സാഹപ്പെടുത്താനും അതിർത്തിയിലെ തിരക്ക് കുറയ്ക്കാനുമാണ് ട്രംപ് ഭരണകൂടം ഇത്തരത്തിൽ മറ്റു രാജ്യങ്ങളുമായി ചേർന്ന് ‘തേർഡ് കൺട്രി’ ഉടമ്പടികൾ ഉണ്ടാക്കുന്നത്. കുടിയേറ്റ നയത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ഈ രീതി അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പണം നൽകി മറ്റു രാജ്യങ്ങളെക്കൊണ്ട് കുടിയേറ്റക്കാരെ സ്വീകരിപ്പിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു.













