ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; കുടിയേറ്റക്കാരെ ‘മൂന്നാം രാജ്യത്തേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമെന്ന് ജഡ്ജി

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൻ്റെ വിദേശ നയങ്ങൾക്കും കുടിയേറ്റ നിയമങ്ങൾക്കും തിരിച്ചടി നൽകിക്കൊണ്ട്, സുപ്രധാന വിധി പുറപ്പെടുവിച്ച് അമേരിക്കൻ ഫെഡറൽ കോടതി. ഒരു രാജ്യത്തെ കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യമല്ലാത്ത മറ്റ് “മൂന്നാം രാജ്യങ്ങളിലേക്ക്” നാടുകടത്താൻ അനുമതി നൽകുന്ന ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെ നയം നിയമവിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫി ഉത്തരവിട്ടു.

മസാച്യുസെറ്റ്‌സിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫി, കഴിഞ്ഞ വർഷം ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിനെതിരെ ക്ലാസ്-ആക്ഷൻ ഹർജി നൽകിയ വിദേശികൾക്ക് അനുകൂലമായാണ് വിധിച്ചത്. മുൻകൂട്ടി നോട്ടീസ് നൽകാതെയും എതിർപ്പ് അറിയിക്കാൻ അവസരം നൽകാതെയുമാണ് ഇത്തരത്തിൽ നാടുകടത്തിയിരുന്നത്. അതിനാൽ, കുടിയേറ്റക്കാരെ ഇത്തരത്തിൽ മാറ്റുന്നതിന് മുൻപ് അവർക്ക് കൃത്യമായ അറിയിപ്പ് നൽകണമെന്നും പരാതിപ്പെടാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അവർക്ക് യാതൊരു ബന്ധവുമില്ലാത്ത രാജ്യങ്ങളിലേക്ക് അയക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വിധിക്കുന്മേൽ അപ്പീൽ നൽകാൻ സർക്കാരിന് 15 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. അതുവരെ ഈ ഉത്തരവ് നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ദക്ഷിണ സുഡാൻ പോലുള്ള രാജ്യങ്ങളിലേക്ക് അയക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ മുൻപത്തെ ശ്രമങ്ങളെയും കോടതി വിമർശിച്ചു.

“ഈ കേസിൽ ജഡ്ജി ബ്രയാൻ മർഫിക്കെതിരെ സുപ്രീം കോടതി നേരത്തെ രണ്ട് തവണ അടിയന്തര സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ട്, ഞങ്ങൾ വീണ്ടും വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” ഡിഎച്ച്എസ് പ്രസ്താവനയിൽ പറഞ്ഞു. “ക്രിമിനലുകളായ നിയമവിരുദ്ധ വിദേശികളെ നീക്കം ചെയ്യാനും ഈ ദേശീയ സുരക്ഷാ പ്രതിസന്ധി പരിഹരിക്കാനും ഭരണഘടനാപരമായ അധികാരം ട്രംപ് ഭരണകൂടത്തിനുണ്ട്” എന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ചതും ജൂലൈയിൽ വീണ്ടും സ്ഥിരീകരിച്ചതുമായ ഈ നയം അനുസരിച്ച്, മൂന്നാം രാജ്യത്തേക്ക് നാടുകടത്തപ്പെടുന്നവർ അവിടെ പീഡിപ്പിക്കപ്പെടില്ലെന്ന് ആ രാജ്യത്ത് നിന്ന് ഉറപ്പ് ലഭിച്ചാൽ, കുടിയേറ്റക്കാർക്ക് അത് ചോദ്യം ചെയ്യാനോ അവർക്ക് നോട്ടീസ് നൽകാനോ ഉദ്യോഗസ്ഥർക്ക് ബാധ്യതയില്ലായിരുന്നു. സാധാരണയായി കുടിയേറ്റക്കാരൻ്റെ നാടുകടത്തൽ ഉത്തരവിൽ പറയുന്ന രാജ്യമല്ലാത്ത മറ്റ് രാജ്യങ്ങളെയാണ് ‘മൂന്നാം രാജ്യങ്ങൾ’ എന്ന് വിളിക്കുന്നത്.

ട്രംപിൻ്റെ കുടിയേറ്റ അജണ്ടയുടെ ഭാഗമായി കോസ്റ്റാറിക്ക, പനാമ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളെ തങ്ങളുടെ പൗരന്മാരല്ലാത്ത കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനായി ഭരണകൂടം സമീപിച്ചിരുന്നു. വെനസ്വേലൻ കുടിയേറ്റക്കാരെ എൽ സാൽവഡോറിലെ കുപ്രസിദ്ധമായ ‘സെക്കോട്ട്’ മെഗാ ജയിലിൽ പാർപ്പിക്കുന്നതിനായി അവിടുത്തെ സർക്കാരുമായി കരാറിലും ഏർപ്പെട്ടിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടത്തിൻ്റെ ഈ നയം ഫെഡറൽ ഇമിഗ്രേഷൻ നിയമത്തിൻ്റെയും കുടിയേറ്റക്കാരുടെ നീതി ഉറപ്പാക്കാനുള്ള അവകാശത്തിൻ്റെയും ലംഘനമാണെന്ന് മർഫി വിധിച്ചു.

ഭരണകൂടം കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് അവർക്ക് അറിയാത്ത ഇടങ്ങളിൽ കൊണ്ടുപോയി വിടുന്നത് ശരിയല്ലെന്നും അത് നിയമവിരുദ്ധമാണെന്നും ബൈഡൻ നിയമിച്ച ജഡ്ജി മർഫി തൻ്റെ വിധിയിൽ വ്യക്തമാക്കി. “നമ്മുടെ രാജ്യത്തെ നിയമമനുസരിച്ച്, നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരാളുടെയും ജീവനോ സ്വാതന്ത്ര്യമോ സ്വത്തോ ഹനിക്കാൻ പാടില്ല,” അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, കേസിൻ്റെ മുൻ ഘട്ടങ്ങളിൽ കോടതി ഉത്തരവുകൾ ലംഘിക്കാനും തെറ്റായ വിവരങ്ങൾ നൽകാനും ട്രംപ് ഭരണകൂടം ശ്രമിച്ചതായും ജഡ്ജി കുറ്റപ്പെടുത്തി.

ട്രംപ് ഭരണകൂടത്തിൻ്റെ മറ്റ് സാമ്പത്തിക നയങ്ങൾക്കും സമീപകാലത്ത് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അടിയന്തര അധികാരം ഉപയോഗിച്ച് ട്രംപ് നടപ്പിലാക്കിയ ആഗോള താരിഫുകൾ നിയമപരമല്ലെന്ന് ഫെബ്രുവരി 2026-ൽ അമേരിക്കൻ സുപ്രീം കോടതിയും വിധിച്ചിരുന്നു.

Trump administration faces blow; Judge says it’s illegal to deport immigrants to third countries

Also Read

More Stories from this section

family-dental
witywide