മയമില്ലാതെ ട്രംപിൻ്റെ കടുത്ത വെട്ട്! ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്ക് തിരിച്ചടി; 10 ശതകോടി ഡോളറിന്റെ ഫണ്ട് മരവിപ്പിച്ച് ട്രംപ് ഭരണകൂടം, ജനങ്ങളെ ഗുരുതരമായി ബാധിക്കും

കാലിഫോർണിയ: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന അഞ്ച് പ്രമുഖ സംസ്ഥാനങ്ങൾക്കുള്ള 10 ശതകോടി ഡോളറിന്റെ സോഷ്യൽ സർവീസ്, ചൈൽഡ് കെയർ ഫണ്ടുകൾ ട്രംപ് ഭരണകൂടം മരവിപ്പിച്ചു. കാലിഫോർണിയ, കൊളറാഡോ, ഇല്ലിനോയിസ്, മിനസോട്ട, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുന്നത്. ഈ സംസ്ഥാനങ്ങൾ ഫണ്ട് വിനിയോഗത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ചാണ് യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പിന്റെ നടപടി.

പാവപ്പെട്ട കുടുംബങ്ങൾക്ക് പണമായി സഹായം നൽകുന്ന ‘ടെമ്പററി അസിസ്റ്റൻസ് ഫോർ നീഡി ഫാമിലിസ്’ പദ്ധതിയിൽ നിന്ന് 7 ശതകോടി ഡോളറിലധികം വെട്ടിക്കുറച്ചു. കൂടാതെ ചൈൽഡ് കെയർ ഫണ്ടിൽ നിന്ന് 2 ശതകോടി ഡോളറും സോഷ്യൽ സർവീസ് ബ്ലോക്ക് ഗ്രാന്റിൽ നിന്ന് 870 ദശലക്ഷം ഡോളറും മരവിപ്പിച്ചു. ഡെമോക്രാറ്റിക് ഗവർണർമാരുടെ കീഴിൽ ഫെഡറൽ നികുതിപ്പണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അഴിമതി തടയാനും നികുതിദായകരുടെ പണം സംരക്ഷിക്കാനുമാണ് ഈ നടപടിയെന്നുമാണ് എച്ച് എച്ച് എസ് വക്താവ് ആൻഡ്രൂ നിക്സൺ വ്യക്തമാക്കിയത്.

എന്നാൽ, കൃത്യമായ തെളിവുകളില്ലാതെയാണ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. തങ്ങളോട് രാഷ്ട്രീയമായി വിയോജിക്കുന്ന സംസ്ഥാനങ്ങളെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുകയാണെന്ന് ഡെമോക്രാറ്റിക് കേന്ദ്രങ്ങൾ ആരോപിച്ചു. ഈ നടപടി ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളെയും കുട്ടികളുടെ സംരക്ഷണ പദ്ധതികളെയും സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വെട്ടിക്കുറച്ച ഫണ്ടുകൾ തിരികെ ലഭിക്കുന്നതിനായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ അഞ്ച് സംസ്ഥാനങ്ങളും.

Also Read

More Stories from this section

family-dental
witywide