കാലങ്ങളായി തടഞ്ഞുവെച്ചിരുന്ന ഫണ്ട് കൈമാറാൻ ട്രംപ് ഭരണകൂടം, അവിടെയും വിവേചനം; ഡെമോക്രാറ്റിക് ഭരണത്തിലുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയെന്ന് ആക്ഷേപം

വാഷിംഗ്ടൺ: അമേരിക്കയിൽ കാലങ്ങളായി തടഞ്ഞുവെച്ചിരുന്ന അഞ്ച് ബില്യൺ ഡോളറിലധികം വരുന്ന ദുരന്തനിവാരണ സഹായം സംസ്ഥാനങ്ങൾക്ക് കൈമാറാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. എന്നാൽ ഫണ്ട് അനുവദിച്ച പട്ടികയിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രമുഖ സംസ്ഥാനങ്ങളെ ഒഴിവാക്കിയത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയിൽ (ഫെമ) നിന്ന് ലഭിക്കേണ്ട സഹായധനം വിതരണം ചെയ്യുന്നതിൽ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദുരന്തങ്ങൾ നേരിടുന്നതിനും അവയുടെ ആഘാതം കുറയ്ക്കുന്നതിനുമായി സംസ്ഥാനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നതാണ് ഫെമയുടെ ഈ ഫണ്ടുകൾ. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഏർപ്പെടുത്തിയ കർശനമായ ചെലവ് നിയന്ത്രണങ്ങൾ മൂലം പതിനാല് ബില്യൺ ഡോളറിലധികം തുകയാണ് ഇതുവരെ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടന്നിരുന്നത്. ഇതിന്റെ മൂന്നിലൊന്ന് ഭാഗം ഇപ്പോൾ വിതരണം ചെയ്യാൻ തീരുമാനമായെങ്കിലും കാലിഫോർണിയ, ഇല്ലിനോയിസ്, മിനസോട്ട, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളെ ഈ പട്ടികയിൽ നിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്നാണ് ലഭിക്കുന്ന വിവരം. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നിരന്തരം കൊമ്പുകോർക്കുന്ന ഗവർണർമാരാണ് ഈ സംസ്ഥാനങ്ങളിലുള്ളത് എന്നത് ആരോപണത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ജനങ്ങളെ സഹായിക്കുന്നതിനായി ഭരണകൂടം ചെയ്യേണ്ട കാര്യമാണ് ഇപ്പോൾ ചെയ്യുന്നതെങ്കിലും അടിയന്തര സഹായങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം ഈ ആരോപണങ്ങളെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ശക്തമായി നിഷേധിച്ചു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന പലയിടങ്ങളിലും ഫണ്ട് എത്തിയിട്ടുണ്ടെന്നും പ്രോജക്റ്റുകളുടെ തയ്യാറെടുപ്പും മാനദണ്ഡങ്ങളും മുൻനിർത്തിയാണ് തുക അനുവദിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. കാലിഫോർണിയയിലെ ചില ഗോത്രവർഗ വിഭാഗങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന് നേരിട്ട് തുക ലഭ്യമാക്കിയിട്ടില്ല. രാഷ്ട്രീയ പരിഗണനകൾക്ക് അപ്പുറം അർഹതയ്ക്കും സുതാര്യതയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നാണ് ഫെമ വക്താവിന്റെ ഔദ്യോഗിക വിശദീകരണം.

Also Read

More Stories from this section

family-dental
witywide