ചൈനീസ് ആധിപത്യത്തിന് തടയിടാൻ അമേരിക്ക; ‘നിർണ്ണായക ധാതുക്കൾക്കായി’ പ്രത്യേക വ്യാപാര മേഖല പ്രഖ്യാപിച്ച് ജെ ഡി വാൻസ്

വാഷിംഗ്ടൺ: ആഗോള ധാതു വിപണിയിൽ ചൈനയുടെ കുത്തക തകർക്കാൻ ലക്ഷ്യമിട്ട്, സഖ്യകക്ഷികൾക്കായി പ്രത്യേക ‘പ്രിഫറൻഷ്യൽ ട്രേഡ് സോൺ’ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. വാഷിംഗ്ടണിൽ നടന്ന നിർണ്ണായക ധാതുക്കളുടെ മന്ത്രിതല യോഗത്തിലാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈ സുപ്രധാന നീക്കം വെളിപ്പെടുത്തിയത്. അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് വാൻസ് പദ്ധതിയുടെ പ്രധാന വശങ്ങൾ വിശദീകരിച്ചു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പങ്കാളിത്തത്തോടെ ഒരു വ്യാപാര മേഖല രൂപീകരിക്കും. ഇത് അംഗരാജ്യങ്ങൾക്ക് ആവശ്യമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കും.

ധാതുക്കളുടെ വിലയിൽ സ്ഥിരത ഉറപ്പാക്കാൻ ‘റഫറൻസ് പ്രൈസ്’ നിശ്ചയിക്കും. ക്രമീകരിക്കാവുന്ന താരിഫുകൾ വഴി കുറഞ്ഞ വില നിശ്ചയിച്ച് വിപണിയിൽ പിടിച്ചുനിൽക്കാൻ ഇത് സഹായിക്കും. വിദേശ രാജ്യങ്ങൾ (പ്രത്യേകിച്ച് ചൈന) കുറഞ്ഞ വിലയ്ക്ക് ധാതുക്കൾ വിപണിയിൽ എത്തിച്ച് ആഭ്യന്തര ഉത്പാദകരെ തകർക്കുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പെട്ടെന്ന് അപ്രത്യക്ഷമായേക്കാവുന്ന വിതരണ ശൃംഖലകളിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ഈ സഖ്യം സഹായിക്കുമെന്ന് വാൻസ് പറഞ്ഞു.

“നമ്മുടെ നിയന്ത്രണത്തിലല്ലാത്ത വിതരണ ശൃംഖലകൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അപ്രത്യക്ഷമായേക്കാം. അത് ഒഴിവാക്കാൻ നമ്മൾ ഒന്നിച്ചു നിൽക്കണം.” – ജെ ഡി വാൻസ് പറഞ്ഞു. ചൈനയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ലഹരിമരുന്ന് കടത്ത് തടയാനും എണ്ണ വിപണിയിൽ സ്വാധീനം ഉറപ്പിക്കാനും ട്രംപ് ഭരണകൂടം കാണിക്കുന്ന അതേ ഗൗരവം നിർണ്ണായക ധാതുക്കളുടെ കാര്യത്തിലും ഉണ്ടെന്ന് വാൻസ് വ്യക്തമാക്കി. ഇതിനകം തന്നെ ചില രാജ്യങ്ങൾ ഈ പദ്ധതിയിൽ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു.

അമേരിക്കയ്ക്ക് ഒറ്റയ്ക്ക് ഒരു വ്യാപാര മേഖല രൂപീകരിക്കാൻ കഴിയുമെങ്കിലും, കൂടുതൽ രാജ്യങ്ങൾ ഒപ്പം ചേരുന്നത് സഖ്യത്തെ കൂടുതൽ ശക്തമാക്കുമെന്ന് വാൻസ് കൂട്ടിച്ചേർത്തു. ചിപ്പുകൾ, ബാറ്ററികൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് അത്യാവശ്യമായ ലിഥിയം, കൊബാൾട്ട് തുടങ്ങിയ ധാതുക്കളുടെ വിപണിയിൽ ഈ നീക്കം വലിയ ചലനങ്ങൾ സൃഷ്ടിക്കും.

Also Read

More Stories from this section

family-dental
witywide