
വാഷിംഗ്ടൺ/ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയെ വൻയുദ്ധത്തിൻ്റെ വക്കിലെത്തിച്ച ഇറാൻ-യുഎസ് സംഘർഷത്തിന് താൽക്കാലിക ശമനമായിരിക്കുകയാണ്. പാകിസ്താൻ്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. അമേരിക്കയുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെത്തുടര്‍ന്ന്, എല്ലാ സൈനിക യൂണിറ്റുകളോടും ആക്രമണം നിറുത്താന്‍ ഇറാൻ്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇത് യുദ്ധത്തിൻ്റെ അവസാനമല്ലെന്ന് ടെഹ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഖമേനി ഇപ്രകാരം പറഞ്ഞു: ‘ഇത് യുദ്ധത്തിൻ്റെ അവസാനമല്ല, എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിൻ്റെ ഉത്തരവ് പാലിച്ച് വെടിനിര്‍ത്തല്‍ പാലിക്കണം.’ ശത്രുക്കളായ അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും തരത്തിലുള്ള നീക്കം നടത്തിയാല്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ സജ്ജരാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിച്ചതായി അര്‍ത്ഥമാക്കുന്നില്ല. ഞങ്ങളുടെ കൈകള്‍ ഇപ്പോഴും ട്രിഗറിലാണ്. ശത്രുവിൻ്റെ ഭാഗത്തുനിന്ന് ചെറിയൊരു പിഴവുണ്ടായാല്‍ പോലും പൂര്‍ണ്ണ ശക്തിയോടെ നേരിടും, ഇറാൻ്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ഫീൽഡ് മാർഷൽ അസിം മുനീറുമായുമുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി, ബുധനാഴ്ച രാത്രി ഇറാനിൽ നടത്താനിരുന്ന വിനാശകരമായ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുന്നതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് തുറന്ന് നൽകുകയാണെങ്കിൽ രണ്ടാഴ്‌ചത്തേക്ക് വെടിനിർത്തലിന് സമ്മതിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ‘ഹോർമുസ് കടലിടുക്ക് പൂർണമായും ഉടനടിയും സുരക്ഷിതമായും തുറന്നുനൽകാൻ സമ്മതിക്കുകയാണെങ്കിൽ, ഇറാനിൽ ബോംബാക്രമണവും മറ്റു ആക്രമണങ്ങളും രണ്ട് ആഴ്‌ചത്തേക്ക് ഞാൻ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ സമ്മതത്തിലുള്ള വെടിനിർത്തലായിരിക്കും.ഇങ്ങനെ ചെയ്യുന്നതിനുള്ള കാരണം, ഞങ്ങൾ ഇതിനകം എല്ലാ സൈനികലക്ഷ്യങ്ങളും നേടിയെടുക്കുകയും അതിനപ്പുറം പോകുകയും ചെയ്‌തു എന്നതാണ്’ ട്രംപ് പറഞ്ഞു. ഇറാൻ യുഎസിന് മുന്നിൽ പത്ത് നിർദേശങ്ങൾ വെച്ചതായും ട്രംപ് സമ്മതിച്ചു. ‘ഇറാനിൽ നിന്ന് ഞങ്ങൾക്ക് 10 ഇനങ്ങളുള്ള ഒരു നിർദ്ദേശം ലഭിച്ചു, അത് ചർച്ചകൾക്ക് ഒരു അടിസ്ഥാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള മുൻകാല തർക്കങ്ങളിലെ മിക്കവാറും എല്ലാ കാര്യങ്ങൾക്കും ഇതിനോടകം ധാരണയായിട്ടുണ്ട്. എന്നാൽ രണ്ടാഴ്ചത്തെ കാലയളവ് കരാർ അന്തിമമാക്കാനും പൂർത്തീകരിക്കാനും അനുവദിക്കും’ ട്രംപ് പറഞ്ഞു.
ട്രംപ് സൂചിപ്പിച്ച ഇറാൻ്റെ ’10 ഇന നിർദ്ദേശങ്ങളുടെ’ അടിസ്ഥാനത്തിലാണ് ഈ യുദ്ധം അവസാനിക്കുന്നതെങ്കിൽ, അത് അന്താരാഷ്ട്ര തലത്തിൽ ഇറാൻ്റെ തന്ത്രപരമായ വിജയമായിട്ടായിരിക്കും പരക്കെ വിലയിരുത്തപ്പെടുക.
അതേസമയം, മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ പാകിസ്താൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ഈ നീക്കത്തെ സ്വാഗതം ചെയ്തു. “മേഖലയെ ഒരു വലിയ വിനാശത്തിൽ നിന്ന് രക്ഷിക്കാൻ പാകിസ്താന് സാധിച്ചതിൽ അഭിമാനമുണ്ട്. യുദ്ധമല്ല, ചർച്ചകളാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗം. വരാനിരിക്കുന്ന ഇസ്‌ലാമാബാദ് ചർച്ചകൾ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു,” എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മൗനം തുടർന്ന് ഇസ്രയേൽ
യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ ഈ തീരുമാനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് എത്രത്തോളം പങ്കുണ്ടെന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല. അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കുന്നത്, ഇസ്രയേൽ കരസേന നിലയുറപ്പിച്ചിട്ടുള്ള ലബനനും ഈ വെടിനിർത്തൽ കരാറിൻ്റെ പരിധിയിൽ വരുമെന്നാണ്. എന്നാൽ, ഹിസ്ബുള്ളയുടെ ഭീഷണി പൂർണ്ണമായും നീക്കം ചെയ്യുന്നതുവരെ ലബനനിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ നേതൃത്വം. ലബനനിലോ മറ്റ് മേഖലകളിലോ തങ്ങളുടെ സൈനിക നടപടികൾ നിർത്തിവെക്കാൻ തയ്യാറാണെന്ന യാതൊരു സൂചനയും ഇസ്രയേലിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇസ്രയേലിൻ്റെ ഈ മൗനം വെടിനിർത്തൽ കരാറിൻ്റെ ഭാവി സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.
ഇസ്രയേലിൻ്റെ സുരക്ഷാ കാര്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ അവർ ഈ കരാറിനെ പൂർണ്ണമായി പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര നിരീക്ഷകർക്ക് സംശയമുണ്ട്. വെടിനിർത്തൽ പ്രഖ്യാപനം വന്നെങ്കിലും ഇസ്രയേലിൻ്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ഇസ്രയേലിൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർക്കുമ്പോഴുണ്ടാകുന്ന സ്ഫോടനങ്ങളാണ് ഇതെന്നാണ് പ്രാഥമിക വിവരം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോഴും ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നു.
അടുത്ത ഘട്ടം:
ഏപ്രിൽ 10 വെള്ളിയാഴ്ച ഇസ്‌ലാമാബാദിൽ വെച്ച് നടക്കുന്ന ഉന്നതതല ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികളും ഇറാൻ വിദേശകാര്യ മന്ത്രിയും പങ്കെടുക്കും. ഈ ചർച്ചകളിലൂടെ വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകാനും മേഖലയിലെ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുമാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്.
Trump agrees to ceasefire, but Israel remains silent, attacks continue, Iran’s move is also crucial













