വെനസ്വേലയുമായി ‘ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ’ പ്രഖ്യാപിച്ച് ട്രംപ്; യു.എസിന് 100 വർഷത്തെ അവകാശം

വാഷിംഗ്ടൺ: വെനസ്വേലയുമായി അമേരിക്ക വമ്പൻ എണ്ണക്കരാറിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ വൻതോതിലുള്ള എണ്ണശേഖരം ചുരുങ്ങിയ ചെലവിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ധാരണ.

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ പൂർത്തിയായത്. “ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിലാണ് യു.എസ് ഒപ്പുവെച്ചിരിക്കുന്നത്” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു.

100 വർഷത്തെ ഉൽപ്പാദന അവകാശം യുഎസിന്

വെനസ്വേലയിലെ ഒരു സ്വകാര്യ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതിയ സംരംഭത്തിന് 100 വർഷത്തേക്ക് എണ്ണപ്പാടങ്ങൾ വികസിപ്പിക്കാനുള്ള അവകാശം ലഭിക്കും. ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ 55 ശതമാനവും നിർമ്മാണച്ചെലവ് മാത്രം നൽകി വാങ്ങാൻ യു.എസിന് അവകാശമുണ്ടാകും. 65 ശതകോടി ബാരൽ ശേഷിയുള്ള 17 എണ്ണപ്പാടങ്ങളാണ് വികസിപ്പിക്കുന്നത്. വെനസ്വേലയിലേക്ക് 100 ശതകോടി ഡോളറിന്റെ സ്വകാര്യ നിക്ഷേപവും, നികുതിയിനത്തിൽ കാരക്കാസിന് (വെനസ്വേലൻ സർക്കാർ) 209 ശതകോടി ഡോളറിന്റെ വരുമാനവും കരാറിലൂടെ ലഭിക്കും. ഇവിടെനിന്ന് ലഭിക്കുന്ന എണ്ണ അമേരിക്കയുടെ തന്ത്രപ്രധാനമായ പെട്രോളിയം റിസർവ് (SPR) പുനഃസ്ഥാപിക്കാനും സൈനിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.

വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ യു.എസ് സൈന്യം അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ഈ നിർണായക നീക്കം. മഡൂറോക്ക് പകരം അധികാരത്തിലെത്തിയ ഡെൽസി റോഡ്രിഗസ് എണ്ണമേഖല സ്വകാര്യവൽക്കരിക്കാൻ നിയമനിർമ്മാണം നടത്തുകയായിരുന്നു.

ഇറാനുമായുള്ള യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുകയും യു.എസിൽ പെട്രോൾ വില ഗാലന് 4.09 ഡോളറായി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്ക അടിയന്തര നീക്കം നടത്തിയത്. ലോകത്തിലെ ആകെ എണ്ണശേഖരത്തിന്റെ 17 ശതമാനത്തോളം (303 ശതകോടി ബാരൽ) വെനസ്വേലയിലുണ്ടെങ്കിലും, തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ കാരണം നിലവിൽ ആഗോള ഉൽപ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് അവിടെ നടക്കുന്നത്. അതിനാൽ കരാർ പ്രാബല്യത്തിൽ വന്നാലും അമേരിക്കയിൽ എണ്ണവില ഉടൻ കുറയില്ലെന്നും, അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ വർഷങ്ങളെടുക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Trump announces ‘largest oil deal in history’ with Venezuela

More Stories from this section

family-dental
witywide