ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്കൻ സൈന്യം വളരെ വേഗത്തിൽ പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാളെ രാവിലെ നടക്കാനിരിക്കുന്ന നിർണായക ഔദ്യോഗിക വാർത്താ സമ്മേളനത്തിന് മുന്നോടിയായി റോയിറ്റേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. ഇറാൻ സർക്കാർ നിലവിൽ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. എന്നാൽ ഭാവിയിൽ യുദ്ധം ആവശ്യമായി വന്നാൽ ശക്തമായി തിരിച്ചുവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
അമേരിക്ക നാറ്റോ (NATO) സഖ്യത്തിൽ നിന്ന് പുറത്തുപോകുമെന്ന വമ്പൻ പ്രഖ്യാപനവും ട്രംപ് ഇതോടൊപ്പം നടത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നാറ്റോ സൈന്യം ഇടപെടണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് സഹകരിക്കാനോ മേഖലയിലേക്ക് സൈന്യത്തെ അയയ്ക്കാനോ നാറ്റോ തയ്യാറായിരുന്നില്ല. ഈ വിയോജിപ്പുകളെത്തുടർന്നാണ് സഖ്യം വിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ട്രംപ് എത്തിയതെന്നാണ് സൂചന.
അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് ട്രംപിന്റെ പുതിയ നിലപാടുകൾ. നാളെ രാവിലെ ആറരയ്ക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാറ്റോ സഖ്യത്തിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ആഗോള സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തിന് താൽക്കാലിക ശമനമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Trump announces US withdrawal from Iran war; vows to leave NATO alliance











