
വാഷിംഗ്ടൺ: അമേരിക്കൻ സെക്കൻഡ് ലേഡി ഉഷാ വാൻസ് കുട്ടികൾക്കായി നടത്തുന്ന ‘സ്റ്റോറിടൈം വിത്ത് ദി സെക്കൻഡ് ലേഡി’ എന്ന പോഡ്‌കാസ്റ്റിൽ അതിഥിയായി പങ്കെടുത്ത് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച ‘പ്രസിഡൻ്റ്സ് പ്ലേ’ എന്ന ചിത്രപുസ്തകം വായിച്ചുകൊണ്ടാണ് ട്രംപ് എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടത്. മുൻ യു.എസ് പ്രസിഡൻ്റുമാരുടെ കായിക വിനോദങ്ങളെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നതിനിടയിൽ തൻ്റെ മുൻഗാമികളെക്കുറിച്ച് തനതായ ശൈലിയിലുള്ള നിരവധി അൺസ്ക്രിപ്റ്റഡ് പരാമർശങ്ങളും ട്രംപ് നടത്തി.
തിരക്കുകൾക്കിടയിൽ വായനയ്ക്കായി സമയം കണ്ടെത്താറുണ്ടോ എന്ന ഉഷാ വാൻസിൻ്റെ ചോദ്യത്തിന്, താൻ കൂടുതലും പത്രങ്ങളാണ് വായിക്കാറുള്ളതെന്നും അതിൽത്തന്നെ തനിക്കിഷ്ടമുള്ള വിഷയം ‘തമാശ രൂപേണ’ ട്രംപ് വെളിപ്പെടുത്തി. “ഞാൻ സാധാരണയായി എന്നെക്കുറിച്ചുള്ള വാർത്തകളാണ് വായിക്കാറുള്ളത്,” ട്രംപ് പറഞ്ഞു.
പുസ്തകത്തിലെ ചിത്രങ്ങളിലൂടെ കടന്നുപോകവെ മുൻ പ്രസിഡൻ്റുമാരായ റൊണാൾഡ് റീഗനെ “ഉയർന്ന നിലവാരമുള്ള വ്യക്തി” എന്നും ലിൻഡൻ ബി. ജോൺസനെ “കർക്കശക്കാരൻ” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ജോൺ എഫ്. കെന്നഡി അമേരിക്കയിലെ ഏറ്റവും സുന്ദരനായ ‘രണ്ടാമത്തെ’ പ്രസിഡൻ്റാണെന്ന് പറഞ്ഞ ട്രംപ്, ഒന്നാം സ്ഥാനത്ത് ആരാണെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല. വാട്ടർഗേറ്റ് അഴിമതിയിൽപ്പെട്ട് രാജിവെക്കേണ്ടി വന്ന റിച്ചാർഡ് നിക്സൺ സ്വയം പ്രശ്നങ്ങൾ ഇരന്നുവാങ്ങുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ കടുത്ത സാമ്പത്തിക മാന്ദ്യകാലത്ത് പ്രസിഡൻ്റായിരുന്ന ഹെർബർട്ട് ഹൂവർ കളിച്ചിരുന്ന ‘ഹൂവർ ബോൾ’ എന്ന കളി, അദ്ദേഹത്തിൻ്റെ സാമ്പത്തിക നയങ്ങളേക്കാൾ വലിയ വിജയമായിരുന്നു എന്ന് ട്രംപ് പരിഹസിച്ചു. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ ബാസ്‌ക്കറ്റ് ബോൾ കളിക്കുന്ന ചിത്രം കണ്ടപ്പോൾ, അദ്ദേഹത്തെ “ബരാക് ഹുസൈൻ ഒബാമ” എന്ന് മുഴുവൻ പേരെടുത്ത് വിളിച്ച് വിമർശിക്കാനും ട്രംപ് മറന്നില്ല. ഒബാമയ്ക്ക് ബാസ്‌ക്കറ്റ് ബോളിനേക്കാൾ ഇഷ്ടം ഗോൾഫ് ആണെന്നും എന്നാൽ പ്രശസ്തമായ മാസ്റ്റേഴ്സ് ടൂർണമെൻ്റിൽ കളിക്കാൻ അദ്ദേഹത്തിന് ഒരിക്കലും യോഗ്യത ലഭിക്കില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
അതേസമയം, മുൻ പ്രസിഡന്റ് ബിൽ ക്ലിൻ്റണോട് തനിക്ക് വലിയ താല്പര്യമാണെന്ന് ട്രംപ് തുറന്നുപറഞ്ഞു. വൈറ്റ് ഹൗസ് വളപ്പിൽ ക്ലിൻ്റൺ ഒരു ചെറിയ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ചതിനെക്കുറിച്ച് പരാമർശിക്കവെ, “ഞാൻ എന്തായാലും ഒരിക്കലും ഓടാൻ പോകില്ല” എന്ന് ട്രംപ് തമാശയായി പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ പ്രസിഡൻ്റായ വില്യം ഹോവാർഡ് ടാഫ്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വന്തം ശരീരഭാരത്തെക്കുറിച്ചും ട്രംപ് വാചാലനായി. ടാഫ്റ്റിൻ്റെ ആ ഭാരക്കൂടുതലിൻ്റെ റെക്കോർഡ് തകർക്കാതിരിക്കാൻ താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ട്രംപ് ചിരിയോടെ പറഞ്ഞു.
വൈറ്റ് ഹൗസ് വളപ്പിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ വലിയ ബാൾറൂം പ്രൊജക്റ്റിനെക്കുറിച്ചുള്ള പരസ്യവും ട്രംപ് ഈ പോഡ്‌കാസ്റ്റിലൂടെ നടത്തി. മുൻ പ്രസിഡൻ്റ് ജോൺ ക്വിൻസി ആഡംസ് പണ്ട് നീന്തിയിരുന്ന വൈറ്റ് ഹൗസിന് സമീപമുള്ള പഴയ ‘ടൈബർ ക്രീക്കിന്’ മുകളിലാണ് തങ്ങൾ ഇപ്പോൾ മനോഹരമായ ബാൾറൂം നിർമ്മിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. കുട്ടികൾക്കായുള്ള പരിപാടിയിലുടനീളം രാഷ്ട്രീയവും വ്യക്തിപരവുമായ ട്രംപിൻ്റെ തനത് ശൈലിയിലുള്ള പ്രതികരണങ്ങൾ ശ്രദ്ധേയമായി.
Trump appears as a guest on Usha Vance’s podcast; the news mocks and praises former presidents















