ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നീക്കങ്ങൾക്ക് കോടതികളിൽ വിജയം; ഏജന്‍റുമാരുടെ നടപടികൾ തടഞ്ഞ വിധികൾ റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കൻ നഗരങ്ങളിൽ ഫെഡറൽ ഏജന്റുമാർ നടത്തുന്ന ഇമിഗ്രേഷൻ നടപടികളെ നിയന്ത്രിക്കാനുള്ള കീഴ്കോടതികളുടെ ശ്രമങ്ങൾക്ക് തിരിച്ചടി. കാലിഫോർണിയ, ചിക്കാഗോ, മിനിയാപൊളിസ് എന്നിവിടങ്ങളിൽ കുടിയേറ്റ വിരുദ്ധ നടപടികൾക്ക് തടയിട്ട വിധികൾ സുപ്രീം കോടതിയും ഫെഡറൽ അപ്പീൽ കോടതികളും റദ്ദാക്കി. മിനിയാപൊളിസിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്ന കീഴ്ക്കോടതി വിധി എട്ടാം യുഎസ് സർക്യൂട്ട് അപ്പീൽ കോടതി താൽക്കാലികമായി തടഞ്ഞു.

ജഡ്ജി കാതറിൻ മെനൻഡെസ് പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തവും അമിത വ്യാപ്തിയുള്ളതും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ കോടതിയുടെ നടപടി. അപ്പീൽ കോടതിയിലെ മൂന്നംഗ പാനലിൽ ട്രംപ് നിയമിച്ച ഡേവിഡ് സ്ട്രാസും മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് നിയമിച്ച ബോബി ഷെപ്പേർഡും ഭരണകൂടത്തിന്റെ നീക്കത്തെ അനുകൂലിച്ചു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് കോടതികളിൽ നടത്തിയ നിയമനങ്ങൾ ഇപ്പോൾ അദ്ദേഹത്തിന്റെ നയങ്ങൾക്ക് വലിയ തോതിൽ തുണയാകുന്നുണ്ട്.

മിനിയാപൊളിസിലെ ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന നടപടിക്കിടെ രണ്ട് യുഎസ് പൗരന്മാർ ഫെഡറൽ ഏജന്‍റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഐസിയു നഴ്സായ അലക്സ് പ്രെറ്റി, റെനെ ഗുഡ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലോസ് ആഞ്ചലസിലും സമാനമായ രീതിയിൽ ഏജന്‍റുമാരുടെ “റോവിംഗ് പട്രോളിംഗ്” തടഞ്ഞ കീഴ്ക്കോടതി വിധി സുപ്രീം കോടതി 6-3 എന്ന ഭൂരിപക്ഷത്തിൽ റദ്ദാക്കിയിരുന്നു. ഇതോടെ വംശീയമായോ ഭാഷാപരമായോ ഉള്ള സംശയങ്ങളുടെ പേരിൽപ്പോലും വ്യക്തികളെ തടഞ്ഞുനിർത്താൻ ഏജന്റുമാർക്ക് വീണ്ടും അനുമതി ലഭിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide