
വാഷിംഗ്ടൺ: ഇറാനിൽ പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഭരണകൂടം മാരകമായ ബലപ്രയോഗം നടത്തിയാൽ കടുത്ത തിരിച്ചടി നൽകുമെന്ന തന്റെ ഭീഷണി നടപ്പിലാക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സി.എൻ.എൻ ആണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറാനിലെ സാഹചര്യം നേരിടുന്നതിനായുള്ള വിവിധ സൈനിക പദ്ധതികളെക്കുറിച്ച് ട്രംപിന് കഴിഞ്ഞ ദിവസങ്ങളിൽ വിശദീകരണം നൽകി. ഇതിൽ നേരിട്ടുള്ള സൈനിക ആക്രമണങ്ങളും അല്ലാത്തതുമായ മാർഗ്ഗങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസിപുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രതിഷേധം ആരംഭിച്ച് രണ്ടാഴ്ചയ്ക്കിപ്പുറം 116-ലധികം പേർ കൊല്ലപ്പെട്ടു. എന്നാൽ രാജ്യത്ത് ഇന്റർനെറ്റും ഫോണും നിരോധിച്ചിരിക്കുന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും ഉയർന്നതാകാമെന്ന് കരുതപ്പെടുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഭരണകൂട വിരുദ്ധ വികാരം ശക്തമാണ്. ഇതിനെതിരെ കർശനമായ നടപടിയാണ് ഇറാൻ സൈന്യം സ്വീകരിക്കുന്നത്.
“ഇറാൻ എന്നത്തേക്കാളും വലിയ സ്വാതന്ത്ര്യത്തിനായി ഉറ്റുനോക്കുകയാണ്. അമേരിക്ക സഹായിക്കാൻ തയ്യാറാണ്!” എന്ന് ട്രംപ് ശനിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു. വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ ഇറാനിലെ ഭരണമാറ്റത്തിനായും ട്രംപ് കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഏതുതരം ഇടപെടലായിരിക്കും അമേരിക്ക നടത്തുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.













