അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമാണ് ഇതെന്ന് ഡോണാൾഡ് ട്രംപ്! പ്രസിഡന്‍റ് കലിപ്പിൽ, ബാഡ് ബണ്ണിയുടെ സംഗീത പ്രകടനത്തിന് വിമർശനം

ഫ്ലോറിഡ: അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ സൂപ്പർ ബൗളിന്‍റെ ഇടവേളയിൽ നടന്ന ബാഡ് ബണ്ണിയുടെ സംഗീത പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന വാച്ച് പാർട്ടിയിൽ പങ്കെടുത്ത ട്രംപ്, ബാഡ് ബണ്ണിയുടെ പ്രകടനം അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് വിശേഷിപ്പിച്ചു. പ്യൂർട്ടോ റിക്കൻ റാപ്പറായ ബാഡ് ബണ്ണി പാടിയ ഒരു വാക്കുപോലും ആർക്കും മനസ്സിലാക്കാൻ കഴിയില്ലെന്നും ട്രംപ് പരിഹസിച്ചു.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് രോഷം പ്രകടിപ്പിച്ചത്. “സൂപ്പർ ബൗൾ ഹാഫ് ടൈം ഷോ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ്. ഇതിൽ യാതൊരു അർത്ഥവുമില്ല. അമേരിക്കയുടെ മഹത്വത്തിന് ഇതൊരു അപമാനമാണ്. നമ്മുടെ വിജയത്തിന്റെയും സർഗ്ഗാത്മകതയുടെയും മികവിന്റെയും നിലവാരത്തെ ഇത് പ്രതിനിധീകരിക്കുന്നില്ല,” ട്രംപ് കുറിച്ചു. ഓരോ ദിവസവും പുതിയ റെക്കോർഡുകൾ കുറിക്കുന്ന നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ ഷോ ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്പാനിഷ് ഭാഷയിലുള്ള തന്റെ ഹിറ്റ് ഗാനങ്ങളും ശക്തമായ ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ബാഡ് ബണ്ണി വേദി കീഴടക്കിയിരുന്നു. ലേഡി ഗാഗ, റിക്കി മാർട്ടിൻ തുടങ്ങിയ പ്രമുഖ താരങ്ങളും അദ്ദേഹത്തോടൊപ്പം അണിനിരന്നു. ചിലി മുതൽ കാനഡ വരെയുള്ള അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഐക്യത്തിന്റെ സന്ദേശമാണ് ബാഡ് ബണ്ണി തന്റെ പ്രകടനത്തിലൂടെ നൽകിയത്. ‘ഗോഡ് ബ്ലെസ് അമേരിക്ക’ എന്ന പ്രയോഗത്തിന് കൂടുതൽ അർത്ഥതലങ്ങൾ നൽകാൻ അദ്ദേഹം ശ്രമിച്ചെങ്കിലും, ഇത് തീവ്ര ദേശീയവാദം ഉയർത്തുന്ന ട്രംപിനെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide