വെടിനിർത്തൽ നിർദ്ദേശം ‘പോരാ’, ഇറാന് മേൽ സമ്മർദ്ദം ശക്തമാക്കി ഡോണൾഡ് ട്രംപ്, അമേരിക്കൻ നിബന്ധനകൾ പൂർണമായി അംഗീകരിക്കണമെന്ന് ആവശ്യം

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച 45 ദിവസത്തെ വെടിനിർത്തൽ കരാർ ഗൗരവകരമായ നീക്കമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പര്യാപ്തമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഈസ്റ്റർ ആഘോഷങ്ങൾക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും എന്നാൽ അമേരിക്കയുടെ നിബന്ധനകൾ പൂർണ്ണമായും അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാത്ത പക്ഷം ഇറാനിലെ വൈദ്യുതി നിലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യം വെച്ച് വൻതോതിലുള്ള വ്യോമാക്രമണം നടത്തുമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ നിലവിലെ നേതൃത്വത്തിൽ വന്ന മാറ്റങ്ങൾ ശുഭസൂചനയാണെന്നും മുൻ ഭരണാധികാരികളെ അപേക്ഷിച്ച് ഇവർ കൂടുതൽ യുക്തിസഹമായി ചിന്തിക്കുന്നവരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ആദ്യ രണ്ട് നിര നേതൃത്വങ്ങൾ നീക്കം ചെയ്യപ്പെട്ടതായും ഇപ്പോൾ ചർച്ച നടത്തുന്ന മൂന്നാം ഗ്രൂപ്പ് അധികം തീവ്രവാദ സ്വഭാവമുള്ളവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹ്രസ്വകാല വെടിനിർത്തൽ കൊണ്ട് മാത്രം കാര്യമില്ലെന്നും ശാശ്വതമായ പരിഹാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് 45 ദിവസത്തെ വെടിനിർത്തൽ പ്ലാൻ തയ്യാറാക്കിയത്. ട്രംപ് നൽകിയ അന്ത്യശാസനത്തിന് തൊട്ടുമുമ്പ് യുദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമമായിട്ടാണ് ലോകരാജ്യങ്ങൾ ഈ നീക്കത്തെ കാണുന്നത്. വരും മണിക്കൂറുകളിലെ ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

More Stories from this section

family-dental
witywide