കാവനോ എന്‍റെ ഹീറോ എന്ന് ട്രംപ്! മറ്റുള്ളവർ രാജ്യത്തിന് അപമാനം, സുപ്രീം കോടതി വിധിക്കെതിരെ പൊട്ടിത്തെറിച്ച് പ്രസിഡന്‍റ്

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങൾക്ക് മേൽ താൻ ചുമത്തിയ അധിക നികുതികൾ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കടുത്ത വിമർശനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആറിനെതിരെ മൂന്ന് വോട്ടുകൾക്ക് ഭരണകൂടത്തിന് തിരിച്ചടിയായ വിധിയിൽ, തനിക്കൊപ്പം നിന്ന ജസ്റ്റിസ് ബ്രെറ്റ് കാവനോയെ തന്‍റെ ‘പുതിയ ഹീറോ’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ താൻ തന്നെ നിയമിച്ച മറ്റ് രണ്ട് ജസ്റ്റിസുമാർ തനിക്കെതിരെ വോട്ട് ചെയ്തതിൽ അദ്ദേഹം കടുത്ത അമർഷം രേഖപ്പെടുത്തി.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് തന്റെ പ്രതികരണം അറിയിച്ചത്. ബ്രെറ്റ് കാവനോയെ കൂടാതെ ക്ലാരൻസ് തോമസ്, സാമുവൽ അലീറ്റോ എന്നിവരെയും അദ്ദേഹം പ്രകീർത്തിച്ചു. “അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ഇവർ ആഗ്രഹിക്കുന്നു എന്നതിൽ ആർക്കും സംശയമില്ല,” എന്ന് ട്രംപ് കുറിച്ചു. അതേസമയം, ട്രംപ് നിയമിച്ച ജസ്റ്റിസുമാരായ ആമി കോണി ബാരറ്റ്, നീൽ ഗോർസച്ച് എന്നിവർ ചീഫ് ജസ്റ്റിസിനും ലിബറൽ ജസ്റ്റിസുമാർക്കുമൊപ്പം ചേർന്ന് സർക്കാരിനെതിരായ വിധിയിലാണ് ഒപ്പുവെച്ചത്.

വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ട്രംപ് തന്‍റെ രോഷം മറച്ചുവെച്ചില്ല. സുപ്രീം കോടതിയുടെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്നും കോടതിയിലെ ചില അംഗങ്ങളുടെ നടപടിയിൽ താൻ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസുമാർ രാജ്യത്തിന് തന്നെ അപമാനമാണെന്നും ട്രംപ് ആഞ്ഞടിച്ചു. വിദേശനയത്തിലും സാമ്പത്തിക കാര്യങ്ങളിലും പ്രസിഡന്റിനുള്ള അധികാരം കോടതി വെട്ടിക്കുറച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

More Stories from this section

family-dental
witywide