
വാഷിംഗ്ടൺ: അമേരിക്കയിലെ വോട്ടിംഗ് രീതികൾ കേന്ദ്ര ഗവൺമെന്‍റ് ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. മുൻ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോയുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ട്രംപ് ഈ വിവാദ നിർദ്ദേശം മുന്നോട്ടുവെച്ചത്. കുറഞ്ഞത് 15 സ്ഥലങ്ങളിലെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട് നിയന്ത്രിക്കണമെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തെ ‘ദേശീയവൽക്കരിക്കണം’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിലുള്ള തിരഞ്ഞെടുപ്പ് ഓഫീസിൽ എഫ്ബിഐ കഴിഞ്ഞയാഴ്ച നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന. 2020-ലെ തിരഞ്ഞെടുപ്പിൽ താൻ ജയിച്ച പല സംസ്ഥാനങ്ങളിലും വോട്ടെണ്ണലിൽ അഴിമതി നടന്നുവെന്ന തന്റെ പഴയ ആരോപണങ്ങൾ അദ്ദേഹം വീണ്ടും ആവർത്തിച്ചു. ജോർജിയയിലെ ബാലറ്റുകൾ പരിശോധിക്കുന്നതോടെ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കാണ്. എന്നാൽ ഈ കീഴ്‌വഴക്കം ലംഘിച്ച് കേന്ദ്രാധികാരം ഉപയോഗിച്ച് വോട്ടെടുപ്പ് നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ (Midterms) ജയം ഉറപ്പാക്കാനാണ് ട്രംപ് ഭരണകൂടം ഇത്തരം നിയമപരിഷ്കാരങ്ങൾക്ക് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.















